വെബ് ഡെസ്ക്
മേക്കപ്പ് നിലനിര്‍ത്തുക എന്നത് മഴക്കാലത്തും വേനല്‍കാലത്തും വലിയൊരു ടാസ്‌ക്കാണ്. പ്രതീക്ഷിക്കാതെ പെയ്യുന്ന മഴ മേക്കപ്പ് നിലനിര്‍ത്തുന്നതില്‍ വെല്ലുവിളിയാകാറില്ലേ? അതീവ ശ്രദ്ധയോടെ വേണം മഴക്കാലത്തെ മേക്കപ്പ്. നന്നായി മേക്കപ്പ് ചെയ്ത് പുറത്തിറങ്ങിയാല്‍ മഴ പണി തരുമെന്ന് ഉറപ്പാണ്.
മഴക്കാലത്ത് മേക്കപ്പ് ചെയ്യാന്‍ വാട്ടര്‍പ്രൂഫ് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം. മുഖത്ത് ഫൗണ്ടേഷന്‍ ഇടുന്നതിന് മുന്‍പ് പ്രൈമര്‍ ഉപയോഗിക്കണം. പ്രൈമര്‍ മുഖത്തിട്ട ഫൗണ്ടേഷന്‍ ബേയ്‌സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. വാട്ടര്‍പ്രൂഫ് പ്രൈമര്‍ ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ സഹായിക്കും
ഓയില്‍ ഫ്രീയായ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അതിനൊപ്പം ലൈറ്റായി ഫൗണ്ടേഷന്‍ പൗഡറും ഉപയോഗിക്കാം. വാട്ടര്‍ പ്രൂഫ് ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഏത് കാലാവസ്ഥയിലും മറക്കാതെ ഉപയോഗിക്കേണ്ടത് സണ്‍സ്‌ക്രീനാണ്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ഫൗണ്ടേഷനും കൺസീലറും വാരിവലിച്ച് ഉപയോഗിക്കരുത്.
വാട്ടര്‍ പ്രൂഫ് മേക്കപ്പ് കണ്ണിനും നിര്‍ബന്ധമാണ്. നിറത്തിന് അനുയോജ്യമായ ഐ ഷാഡോ ഉപയോഗിക്കാം. ഐ ലൈനറും മസ്ക്കാരയും ഉറപ്പായും വാട്ടർപ്രൂഫ് ആയിരിക്കണം.
പൗഡര്‍ ബ്ലഷര്‍ ഉപയോഗിക്കുന്നതിന് പകരം ക്രീം ബ്ലഷര്‍ ഉപയോഗിക്കുക. അത് നിങ്ങള്‍ക്ക് നല്ലൊരു മാറ്റ് ഫിനിഷിങ് ലുക്ക് നല്‍കും. പൗഡര്‍ ബ്ലഷര്‍ മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് മാറ്റ് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ഈര്‍പ്പമുള്ള കാലവസ്ഥയില്‍ മാറ്റ് ലിപ്സ്റ്റിക് കുറേ നേരം നിലനില്‍ക്കും.