വെബ് ഡെസ്ക്
വീട്ടിലെ മുതിർന്ന കുട്ടികൾ പ്രായത്തിൽ കവിഞ്ഞ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഭൂരിഭാഗം കുടുംബങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ്. മുതിർന്നത് പെൺകുട്ടിയാണെങ്കിൽ പിന്നെ പറയേണ്ടല്ലോ. ഇളയകുട്ടികൾക്ക് അവൾ അമ്മയുടെ സ്ഥാനത്താണെന്ന് വീട്ടില്‍ തന്നെ പറഞ്ഞുവയ്ക്കും.
മാതാപിതാക്കളുടെ ചുമതലകളും ഇളയ കുട്ടികളെ പരിപാലിക്കലും തുടങ്ങി വീട്ടുജോലികൾ വരെ ഇത്തരം പെൺകുട്ടികൾ ചെയ്യേണ്ടിവരാറുണ്ട്. പ്രായത്തില്‍ കവിഞ്ഞ ജോലികൾ ചെയ്യേണ്ടിവരുന്നത് അവരിൽ 'എൽഡെസ്റ്റ് ഡോട്ടർ സിൻഡ്രോം' എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്
ഇത്തരത്തിൽ കുടുംബങ്ങളിൽ പാലിക്കപ്പെടാത്ത ലിംഗസമത്വത്തിനെതിരെ പല പെൺകുട്ടികളും ശബ്ദമുയർത്താൻ തുടങ്ങിയതോടെ #EldestDaughterSyndrome എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയാണ്.
എന്താണ് 'എൽഡെസ്റ്റ് ഡോട്ടർ സിൻഡ്രം' എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്?
അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഇളയ കുട്ടികളെ പരിപാലിക്കുന്നതിനും അമ്മയില്ലെങ്കിൽ വീട്ടിലെ ജോലികൾ ചെയ്യുന്നതിനും യാതൊരു അംഗീകാരവും പരിഗണനയും വീട്ടിൽ നിന്ന് ലഭിക്കാത്തതാണ് പ്രധാന കാരണം.
വീട്ടിലുള്ള ആൺകുട്ടികളെ ഇത്തരം ജോലികളിൽനിന്ന് ഒഴിവാക്കുന്നതും അവർക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാനും വിനോദങ്ങളിൽ ഏർപ്പടാനും സമയം ലഭിക്കുന്നതും കാണുന്ന പെൺകുട്ടികൾക്ക് മാനസിക സമ്മർദങ്ങൾ ഉണ്ടായേക്കാം.
പഠിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന പ്രായത്തിൽ മറ്റ് കഠിനമായ ജോലികൾ ചെയ്യുന്നത് അവർക്ക് തങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്ന തോന്നൽ ഉണ്ടാകാൻ ഇടയാക്കും. ഇത് പല സ്വഭാവവൈകല്യങ്ങൾക്കും കാരണമാകാം.
എങ്ങനെയൊക്കെ പരിഹരിക്കാം?
സഹോദരങ്ങളെ ഒന്നിച്ച് നിർത്തുമ്പോൾ തനിക്ക് ജോലിഭാരമുണ്ടെന്ന തോന്നൽ മുതിർന്ന കുട്ടികളിലുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ചെറിയ ജോലികൾ കുട്ടികൾക്ക് ഭാഗിച്ച് നൽകാം.
ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികളോട് പെരുമാറാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അമിത ജോലിഭാരം നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുക. വ്യക്തിപരമായ കാര്യങ്ങൾക്ക് പരിഗണന നൽകണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് പ്രധാനമാണ്.