വെബ് ഡെസ്ക്
സ്വപ്നങ്ങൾ എന്നും ആകർഷകമാണ്; സ്വപ്നം കാണാത്തവർ വിരളമാണ്. അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും സ്വപ്നങ്ങളിൽ അനായാസമാണ്. ഉറക്കത്തിന്റെ ഭാഗമാണ് സ്വപ്‌നങ്ങൾ
എന്നാൽ അമിതവും തീവ്രവുമായ സ്വപ്നങ്ങൾ തലച്ചോറിന്റെ അമിത ഉത്തേജനം, സമ്മർദ്ദം, പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങൾ, ആഘാതം എന്നിവയുമായി ബന്ധപ്പെട്ടിരിന്നു. ചില മരുന്നുകളുടെ പാർശ്വഫലങ്ങളായും ഇത് സംഭവിക്കാം
ഉറക്കത്തിൽ കൂടുതൽ സ്വപ്‌നങ്ങൾ കാണുന്നത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് വിദഗ്ധർ പറയുന്നത്. നിരന്തരമുള്ള വിവിധവും പ്രബലവുമായ സ്വപ്നങ്ങളും ഇക്കൂട്ടത്തിലുൾപ്പെടും. ഇതിനു പിന്നിൽ കാരങ്ങളേറെയാണ്, അവ ഏതൊക്കെയാണെന്ന് നോക്കാം
മാനസിക പിരിമുറുക്കം
നിരന്തരമുള്ള സമ്മർദ്ദവും ഉത്കണ്ഠയും സ്വപ്നങ്ങളെ ഉത്തേജിപ്പിക്കാൻ സാധ്യതയുണ്ട്. മയക്കത്തിൽ ഉപബോധമനസ്സ് കൂടുതൽ സജീവമാകും, അതിന്റെ ഫലമായി തീവ്രമായ സ്വപ്നങ്ങൾ ശാന്തമായ ഉറക്കത്തെ തടസ്സപ്പെടുത്തുകയും പകൽ ക്ഷീണം ഉണ്ടാക്കുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസം, ധ്യാനം എന്നിവയിലൂടെ മാനസിക സമ്മർദത്തെ ചെറുക്കാം
ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉറക്ക രീതികളെ ബാധിക്കാൻ സാധ്യതുണ്ട്. മരുന്നുകളിലുള്ള ആന്റീഡിപ്രസന്റുകൾ ഉറക്കത്തെ ബാധിക്കുന്നതിലൂടെ സ്വപ്നങ്ങളുടെ ക്രമത്തെയും ഗുരുതരമായി സ്വാധീനിക്കും
ഉറക്കമില്ലായ്മ പലപ്പോഴും തീവ്രമായ സ്വപ്നങ്ങളുണ്ടാക്കാറുണ്ട്. സ്ലീപ് അപ്നിയ, റസ്റ്റ്ലെസ്സ് ലെഗ് സിൻഡ്രോം, നാർകോലെപ്സി എന്നി രോഗങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുകയും ഇടയ്ക്കിടെയുള്ള ഉണർവുകളും ഉജ്ജ്വലമായ സ്വപ്നങ്ങളുണ്ടാക്കുകയും ചെയ്യും
ജീവിതശൈലിയിലോ ജീവിതത്തിന്റെ പ്രത്യേക വശങ്ങളിലോ ഉണ്ടാകുന്ന മാറ്റം ഉറക്കത്തിന്റെ ഗുണനിലവാരത്തെയും സ്വപ്നങ്ങളെയും തടസ്സപ്പെടുത്തും. ഉദാഹരണത്തിന്, അപര്യാപ്തമായ ഭക്ഷണക്രമം, ക്രമരഹിതമായ ഉറക്ക രീതികൾ, അമിതമായ കഫീൻ അല്ലെങ്കിൽ മദ്യം പോലുള്ള ഏതെങ്കിലും ഉത്തേജകത്തിന്റെ ഉപയോഗം എന്നിവ സ്വപ്നങ്ങളെ മോശമായി ബാധിക്കും
പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങളും ജീവിതത്തിലനുഭവിക്കുന്ന അസ്വസ്ഥതയും ഉറക്കത്തെയും അതിലൂടെ സ്വപ്നങ്ങളെയും ബാധിക്കും. അടിച്ചമർത്തപ്പെട്ട നിമിഷങ്ങളിലെ ആഘാതം ഉപബോധമനസ്സിൽ തങ്ങി നിൽക്കുകയും ഇത് തീവ്രവും വൈകാരികവുമായ സ്വപ്‌നങ്ങൾ സൃഷ്ടിച്ച് ശാന്തമായ ഉറക്കത്തെ തടസ്സപ്പെടുത്തും
എങ്ങനെ പ്രതിരോധിക്കാം
മാനസിക പിരിമുറുക്കം നേരിടുന്നുണ്ടെങ്കിൽ മനഃശാസ്ത്ര വിദഗ്ധരെ കണ്ട് ചികിത്സ തേടുന്നതാണ് ഉത്തമം. ഉറങ്ങുന്നതിന് മുൻപ് കുറഞ്ഞത് 2 മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. എട്ടു മണിക്കൂറെങ്കിലും ദിവസവും ശരീരത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കിടക്കാൻ നേരം മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ കൂടുതലും ഒഴിവാക്കാൻ ശ്രമിക്കുക