വേനൽക്കാലത്ത് കഴിക്കാം വ്യത്യസ്ത രുചികളോടെയുള്ള സാലഡുകൾ

വെബ് ഡെസ്ക്

വേനൽക്കാലത്ത് ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്. ധാരാളം വെളളം കുടിക്കുന്നതിനൊപ്പം തന്നെ സാലഡുകൾ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കും

പച്ചക്കറികളുടെയും പഴവർ​ഗങ്ങളുടെയും സമ്മിശ്രമായ ഒരു പോഷകകൂട്ടാണ് സാലഡ്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുടെയും ഒരു മിക്സച്ചർ എന്ന നിലയിൽ സാലഡ് മികച്ച ഒരു ഭക്ഷണമാണ്

വേനൽക്കാലത്ത് കഴിക്കാനായി വിവിധ തരം സാലഡുകൾ ഉണ്ടാക്കാവുന്നതാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതോടൊപ്പം ശരീര ഭാരം കുറയ്ക്കുന്നതിനും സാലഡ് സഹായിക്കും

വാട്ടർമെലൺ സാലഡ്

ഒരു പാത്രത്തിൽ കുറച്ച് തണ്ണിമത്തൻ എടുക്കുക. അതിലേയ്ക്ക് വെളുത്തുളളി- ഇഞ്ചി പേസ്റ്റ്, നാരങ്ങ നീര് എന്നിവ ചേർക്കുക. ആവശ്യത്തിന് ഒലിവ് എണ്ണയും ഉപ്പും ചേർത്ത ശേഷം പുതിന ഇല കൂടി ചേർത്ത് രുചികരമായ സാലഡ് കഴിക്കാം

കുക്കുമ്പർ സാലഡ്

ധാരാളം ജലാംശം അടങ്ങിയ വിഭവമാണ് കുക്കുമ്പർ സാലഡ്. കുക്കുമ്പർ തൊലി കളഞ്ഞ് വട്ടത്തിൽ അരിയുക. തക്കാളി, സവാള എന്നിവ കനം കുറച്ച് അരിയണം. എല്ലാ പച്ചക്കറികളും ചേർത്തിളക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര്, ചാട്ട് മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്

​ഗ്രീക്ക് സാലഡ്

കുക്കുമ്പർ ആവശ്യത്തിന് എടുത്ത് വട്ടത്തിൽ അരിയുക. ഒരു ബൗളിൽ ആവശ്യത്തിന് തക്കാളിയും സവാളയും അരിഞ്ഞ് എടുത്ത ശേഷം കുക്കുമ്പർ കൂടി മിക്സ് ചെയ്യുക. ഇതിൽ ആവശ്യത്തിന് ഒലിവ് എണ്ണയും ഉപ്പും ചേർത്ത് കഴിക്കാം

സ്ട്രോബെറി ചീര സാലഡ്

ഒലിവ് ഓയിൽ, നാരങ്ങ നീര്, തേൻ, വിനാഗിരി, കടുക്, ഉപ്പ്, കുരുമുളക് എന്നിവ ഒരു ചെറിയ പാത്രത്തിൽ എടുത്ത് മിക്സ് ചെയ്യുക. ചീരയും സ്ട്രോബെറി അരിഞ്ഞും ഒരു ബൗളിൽ എടുക്കുക. ഇതിൽ ആവശ്യത്തിന് സവാളയും ചേർത്ത് നേരത്തെ മിക്സ് ചെയ്ത് വച്ചിരുന്നവ കൂടി ചേർത്തിളക്കി സ്വാദിഷ്ടമായ സ്ട്രോബെറി ചീര സാലഡ് കഴിക്കാം

കോൺ സാലഡ്

ആദ്യം ആവശ്യത്തിന് കോൺ എടുത്ത് വേവിക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് വേവിച്ച കോൺ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് സവാളയും കുക്കുമ്പറും ചെറി ടൊമാറ്റോയും അരിഞ്ഞ് ചേർക്കുക. ഒരു സ്പൂൺ നാരങ്ങ നീരും ഒലിവ് എണ്ണയും ഇതിൽ ചേർക്കുക. ശേഷം, ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തിളക്കിയാൽ സാലഡായി

ഉരുളക്കിഴങ്ങ് സാലഡ്

ആവശ്യത്തിന് ഉരുളക്കിഴങ്ങ് എടുത്ത് അരിഞ്ഞ ശേഷം വേവിക്കുക. ഈ സമയം തന്നെ മയോണൈസ് ഉണ്ടാക്കുക. ആവശ്യത്തിന് സവാള അരിഞ്ഞെടുക്കുക. സവാളയിൽ ഒലിവ് എണ്ണ ചേർത്ത ശേഷം ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. വേവിച്ച ഉരുളക്കിഴങ്ങിൽ മയോണൈസും സവാളയും മല്ലിയിലയും ചേർത്ത് ആവശ്യത്തിന് കുരുമുളകും ചേർത്ത് പാകം ചെയ്യുക

കാരറ്റ് സാലഡ്

കാരറ്റ് ചെറുതായി അരിഞ്ഞെടുത്തിനൊപ്പം ആവശ്യത്തിന് മയോണൈസ് ചേർക്കുക. നാല് കപ്പ് കാരറ്റിന് ഒരു കപ്പ് ഉണക്ക മുന്തിരയും ഒരു ആപ്പിളും കൂടി ചേർത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ഒലിവ് എണ്ണയും ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്