വെബ് ഡെസ്ക്
ചുറ്റുമുള്ള ലോകം ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ ജീവിതച്ചിലവുകളും വർധിച്ചു വരികയാണ്
സാധനങ്ങളുടെയും, സേവനങ്ങളുടെയും ആവശ്യം ഒഴിവാക്കാൻ സാധിക്കില്ല. ചിലപ്പോൾ വില വർധനവിന് ആനുപാതികമായുള്ള ശമ്പളം ലഭിക്കുന്നില്ലെന്നതാണ് പലപ്പോഴും മാസാവസാനമാകുമ്പോൾ കയ്യിലുള്ള പണം തീർന്നുപോകുന്നതിന്റെ കാരണം
കൈയിലുള്ള പണം തീരുമ്പോഴാണ് പലരും പണം സേവ് ചെയ്യേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നത്. ആ സമയമുണ്ടാകുന്ന ക്ഷണികമായ തീരുമാനമായിരിക്കും പണം ലാഭിക്കണമെന്ന്. എന്നാൽ അതിനായി വേണ്ട നടപടികൾ ആരും സ്വീകരിക്കാറില്ലെന്നതാണ് വാസ്തവം
പണം ലാഭിക്കുക എന്നത് പണം സമ്പാദിക്കുന്നതിന് തുല്യമാണ്. ദിവസവും കുറച്ച് പണം ലാഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എതോക്കെയാണെന്ന് നോക്കാം
ദിവസ ചെലവുകൾ രേഖപ്പെടുത്തുക
എത്രമാത്രം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തുകയാണ് പണം ലാഭിക്കാൻ തുടങ്ങുന്നതിനുള്ള ആദ്യപടി. എല്ലാ ചിലവുകളും രേഖപ്പെടുത്തണം, അതിനുള്ള സംവിധാനങ്ങൾ ഇപ്പോഴുള്ള യുപിഐ അപ്പുകളിൽ ലഭ്യമാണ്. ദിവസേനയുള്ള ചെലവ് വിലയിരുത്തി വേണം മുന്നോട്ടുള്ളവ ചിട്ടപ്പെടുത്താൻ
നിശ്ചിത സമയത്തേക്കുന്ന ബജറ്റ് തീരുമാനിക്കുക
ഒരു മാസത്തിൽ എന്തിനെല്ലാമാണ് പൈസ ചെലവഴിക്കുന്നതെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അടുത്ത നിശ്ചിത സമയത്തേക്കുന്ന ഒരു ബജറ്റ് തീരുമാനിക്കണം. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ ചെലവുകൾ എന്താണെന്ന് ബജറ്റിലൂടെ മനസ്സിലാക്കാനം, അതിനനുസരിച്ച് മാത്രം ചെലവാക്കണം
ചെലവ് ചുരുക്കാനുള്ള വഴികൾ കണ്ടെത്തുക
ബജറ്റിൽ നിന്ന് അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കണം. ആവശ്യ കാര്യങ്ങൾക്ക് മാത്രം ചെലവാക്കുന്ന രീതിയിൽ ബജറ്റ് ക്രമപ്പെടുത്തണം
സമ്പാദ്യത്തിന്റെ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയണം
പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു ലക്ഷ്യം വെക്കുക എന്നതാണ്. അത് ഹ്രസ്വകാല ലക്ഷ്യങ്ങളോ ദീർഘകാല ലക്ഷ്യങ്ങളോ ആകാം, നടത്തിയെടുക്കാനുള്ള ആവശ്യങ്ങളിൽ ഊന്നി വേണം പണം ലാഭിക്കുന്നതും ചെലവഴിക്കുന്നതും
മുൻഗണനകൾ തീരുമാനിക്കുക
ചെലവുകൾക്കും വരുമാനത്തിനും ശേഷം, ജീവിതലക്ഷ്യങ്ങൾക്ക് കൈയിലുള്ള സമ്പാദ്യം എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്
സേവിങ് സ്കീം, ചിട്ടി പോലുള്ള സംവിധാനങ്ങളിൽ നിക്ഷേപിക്കാം
നിക്ഷേപ പദ്ധതികളിൽ ഭാഗമാകുമ്പോൾ എല്ലാ തലങ്ങളും അറിഞ്ഞിരിക്കണം. മിനിമം ബാലൻസ്, പലിശ നിരക്കുകൾ, അപകടസാധ്യത എന്നിവ ശ്രദ്ധാപൂർവം നോക്കി മനസിലാക്കണം
ബജറ്റ് അവലോകനം ചെയ്ത് എല്ലാ മാസവും പുരോഗതി വിലയിരുത്തുന്നത് മുന്നോട്ടുള്ള സമ്പാധനശീലത്തിന് പ്രചോദനമാകും