പാരന്റിങ് ശ്രദ്ധയോടെയാകാം; ഒഴിവാക്കാം ഈ അബദ്ധങ്ങള്‍

വെബ് ഡെസ്ക്

മുതിർന്നവരുടെ പ്രശ്‌നങ്ങള്‍ കുട്ടികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മുന്നില്‍ വച്ച് കരയുന്നതും വാതില്‍ കൊട്ടി അടയ്ക്കുന്നതും ഒഴിവാക്കാം . ഇത്തരം പ്രവൃത്തികൾ അവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റമാണെന്ന് കുട്ടികളെ തോന്നിപ്പിച്ചേക്കാം

കുട്ടികളുടെ തെറ്റുകള്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാതിരിക്കുക. അത് ബന്ധുക്കളോ സുഹൃത്തുക്കളോ ആകട്ടെ, ഇത് കുട്ടികളെ വിഷമത്തിലാക്കുകയും അവര്‍ നിങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ച് വയ്ക്കുകയും ചെയ്യുന്നതിന് കാരണമാകും

സ്വന്തം കുട്ടികളെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. ഇത് കുഞ്ഞുങ്ങളില്‍ അവരുടെ പരിശ്രമങ്ങള്‍ ചെറുതാണെന്ന് തോന്നിക്കുന്നതിന് കാരണമാകും

കുട്ടികളെ പേടിപ്പിച്ചോ, എന്തെങ്കിലും പ്രതിഫലം വാഗ്ദാനം ചെയ്തോ കാര്യങ്ങള്‍ ചെയ്യിക്കുന്നത് അവരുടെ സ്വഭാവത്തെ ബാധിക്കുന്നു. കുട്ടികളെ പേടിപ്പിക്കാതെ, വാഗ്ദാനങ്ങള്‍ നല്‍കാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ശീലിപ്പിക്കുക

കുടുംബപ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം നിങ്ങളുടെ കുഞ്ഞുങ്ങളെയും സ്വാധീനിക്കുന്നു. തർക്കങ്ങളും വഴക്കുകളുമെല്ലാം കുട്ടികളിലേക്ക് എത്താതിരിക്കാന്‍ നോക്കുക

കുട്ടികളുടെ വികാരങ്ങളെയും മാനിക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് ഇഷ്ടമല്ലാത്തത് അടിച്ചേല്‍പ്പിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്

അവരുടെ പരാതിയെയും പരിഭവങ്ങളെയും കളിയാക്കാതിരിക്കുക. തമാശയായി തോന്നുന്ന കാര്യങ്ങളാണെങ്കില്‍ പോലും കുട്ടികള്‍ ഗൗരവമായി കാര്യങ്ങള്‍ പറയുമ്പോള്‍ അവരെ കളിയാക്കുന്നത് അവര്‍ പിന്നീട് കാര്യങ്ങള്‍ മറച്ച് വയ്ക്കുന്നതിന് കാരണമാകും

മാതാപിതാക്കള്‍ ആയതിനാല്‍ നാം പറയുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കാതിരിക്കുക, ചിലപ്പോഴെല്ലാം കുട്ടികള്‍ക്ക് നിങ്ങളേക്കാള്‍ അറിവുണ്ടായിരിക്കാം, അത് അംഗീകരിക്കാന്‍ നമുക്കും പഠിക്കാം