ഗുഡ് ടച്ച് , ബാഡ് ടച്ച്; മടി കൂടാതെ കുട്ടികളോട് സംസാരിക്കാം

വെബ് ഡെസ്ക്

മറ്റു കാര്യങ്ങളിലെ പോലെ തന്നെ ചെറിയ പ്രായത്തിൽ കുട്ടികളിൽ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അവർ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നുറപ്പാക്കാൻ മാതാപിതാക്കൾ ഇക്കാര്യങ്ങള്‍ കുട്ടികളോട് തുറന്ന് സംസാരിക്കണം.

വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരീരസുരക്ഷയെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതുണ്ട്. ലൈംഗിക ദുരുപയോഗ ശ്രമങ്ങളെ തടയുന്നതിനും നേരിടുന്നതിനും പ്രതികരിക്കുന്നതിനും ഇത് കുട്ടികളെ സജ്ജമാക്കുന്നു.

ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് നിർണായകമാണ്. ലളിതമായ ഭാഷയിൽ കുട്ടികളോട് വീട്ടിൽ വച്ച് തന്നെ കാര്യങ്ങൾ സംസാരിച്ച് തുടങ്ങുക.

'ഇത് എന്റെ ശരീരമാണ്. ഞാനത് സുരക്ഷിതമായി സൂക്ഷിക്കണം' എന്ന അവബോധം കുട്ടിയിൽ ഉണ്ടാക്കുക. ശരീരസുരക്ഷയ്ക്കെതിരായി എന്തെങ്കിലും സംഭവിച്ചാല്‍ 'നോ'പറയാനുള്ള ധൈര്യം അവർക്ക് പകർന്ന് നല്‍കണം.

സ്പർശനങ്ങളെക്കുറിച്ച് പഠിപ്പിക്കൽ പ്രധാനമാണ്. നല്ല സ്പർശനവും മോശമായ സ്പർശനവും എന്താണെന്ന് കുട്ടികൾക്ക് വ്യക്തമായി മനസ്സാലാക്കി കൊടുക്കണം. അസുഖകരമായ രീതിയിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് മാത്രമല്ല, ശരീരത്തിൽ എവിടെയും സ്പർശിക്കുന്നത് ബാഡ് ടച് ആണ്. അതിനെതിരെ പ്രതികരിക്കുകയോ കൃത്യ സമയത്ത് മാതാപിതാക്കളെ അറിയിക്കുകയോ വേണം.

ഒരു തരത്തിലുള്ള സ്പർശനത്തിനും നിർബന്ധിക്കരുത്. ആരോടും സ്നേഹം കാണിക്കാനോ ആലിംഗനം ചെയ്യാനോ അവരെ സ്പർശിക്കാനോ കുട്ടിയെ നിർബന്ധിക്കരുത്. അവർക്കിഷ്ടമില്ലാത്ത രീതിയിൽ ശരീരം ഉപയോഗിക്കുന്നത് കുട്ടികളെ അസ്വസ്ഥരാക്കും. സാഹചര്യങ്ങളോട് അവർക്ക് യോജിച്ച തരത്തിൽ പ്രതികരിക്കാൻ അനുവദിക്കുക. ശരീരം തങ്ങളുടെ നിയന്ത്രണത്തിലുള്ളതാണെന്ന ബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായിക്കും.

എല്ലാ ശരീരഭാഗങ്ങളുടെയും ശരിയായ പദങ്ങൾ തന്നെ കുട്ടിയെ പറഞ്ഞു പഠിപ്പിക്കുക. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ മാതാപിതാക്കൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, അവർക്കും അസ്വസ്ഥതയുണ്ടാകും. അത് ലജ്ജിക്കേണ്ട കാര്യമാണെന്ന് കുട്ടികൾ കരുതുകയും ചെയ്തേക്കാം.

വിഷയം ഭയപ്പെടുത്തുന്നതാണ് എന്ന മട്ടിൽ കുട്ടികളോട് സംസാരിക്കാതിരിക്കുക. സാധാരണ സംഭാഷണത്തിൽ ലളിതമായി ഇക്കാര്യങ്ങൾ സംസാരിക്കുക. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിരിക്കുകയോ സഹകരിക്കുകയോ ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. അവർക്ക് വസ്തുതകൾ പറഞ്ഞുകൊടുത്ത് തെറ്റായ ധാരണകൾ ഇല്ലാതാക്കുക.

വളരും തോറും സംഭാഷണങ്ങൾ തുടരണം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഉചിതമായ സംഭാഷണങ്ങൾ നടത്തണം. ശരീരത്തെയും ലൈംഗികതയെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങുന്നതോടെ കുട്ടികളുടെ ചോദ്യങ്ങൾ മാറുന്നു. ചോദ്യങ്ങൾ നന്നായി മനസിലാക്കി അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകുക.

ഇതോടൊപ്പം മറ്റാരുടെയും സ്വകാര്യഭാഗങ്ങളിൽ നോക്കുകയോ തൊടുകയോ ചെയ്യരുതെന്ന് അവരെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. മറ്റൊരാൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ അവരെ സ്പർശിക്കാൻ പാടില്ലയെന്നും അവരോട് പറയണം.