ലോകത്തിലെ ഏറ്റവും മികച്ച വീഗന്‍ ഭക്ഷണങ്ങളില്‍ ഏഴെണ്ണം ഇന്ത്യയില്‍

വെബ് ഡെസ്ക്

വീഗന്‍ ആഹാരക്രമം എന്നത് ഭക്ഷണത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. മത്സ്യ, മാംസ എന്നിവയ്ക്കൊപ്പം പാലും പാല്‍ ഉത്പന്നങ്ങളും ഉപേക്ഷിക്കുന്ന ആഹാരക്രമമാണിത്. മറ്റ് ആഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ പച്ചക്കറിയില്‍ നിന്നു മാത്രം കിട്ടേണ്ടതുണ്ട്.

പരമ്പരാഗത ഭക്ഷണങ്ങളും രുചിക്കൂട്ടുകളുമടങ്ങുന്ന പരീക്ഷണാത്മക യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അടുത്തിടെ പുറത്തുവിട്ട ലോകത്തെ മികച്ച വീഗന്‍ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഏഴ് വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്. അവയേതെന്ന് പരിചയപ്പെടാം.

മിസൽ പാവ്

മഹാരാഷ്ട്രയിൽ നിന്നുള്ള പരമ്പരാഗത ഇന്ത്യൻ വിഭവമാണ് മിസാൽ പാവ്. ഇതിൽ കടലയും മസാലയും പാവ് എന്ന ഇന്ത്യൻ ബ്രെഡ് റോളുമാണ് ഉള്ളത്. കൂടെ ഉള്ളിയും മല്ലിയിലയും നാരങ്ങയും ചേർത്തിളക്കി മസാലയ്‌ക്കൊപ്പം വിളമ്പാം.

ആലൂ ഗോബി

ഉത്തരേന്ത്യയിലെ പരമ്പരാഗത വിഭവമാണ് ആലൂ ഗോബി. ഉരുളക്കിഴങ്ങ്, കോളിഫ്ലവർ എന്നിവയാണ് പ്രധാന ചേരുവകള്‍. മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലി, ചുവന്ന കുരുമുളക് എന്നിവയെല്ലാം ചേർത്താണ് മസാല തയാറാക്കുന്നത്. രുചിക്കായി മല്ലിയിലയും നാരങ്ങയും ചേർക്കാം.

രജ്‌മ ചാവല്‍

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനപ്രിയ വിഭവമാണ് രജ്‌മ. മെക്സിക്കോയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചുവന്ന പയറാണ് ഇതിലെ താരം. പയർ പുഴുങ്ങി മസാല ചേർത്ത് വേവിച്ചാണ് രജ്മ തയാറാക്കുന്നത്. പഞ്ചാബികളുടെ ഇഷ്ട വിഭവമാണ്.

ഗോബി മഞ്ചൂരിയൻ

വീഗന്‍ ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇഷ്ട വിഭവമാണ് ഗോബി മഞ്ചൂരിയൻ. വറുത്ത കോളിഫ്ലവറും അല്പം മധുരവും പുളിയുമുള്ള സോസുമാണ് ഗോബി മഞ്ചൂരിയന്റെ പ്രത്യേകത. അല്പം കുഴമ്പ് പരുവത്തിലുള്ളതും ഡ്രൈ ആയതും ഭക്ഷണ പ്രേമികൾക്ക് ഒരുപോലെ ഇഷ്ടപ്പെടും.

മസാല വട

തമിഴ്‌നാട്ടിൽ നിന്നുള്ള പരമ്പരാഗത വിഭവമാണ് മസാല വട. ചായയ്ക്കൊപ്പം മസാല വട ഏറെ പ്രിയമാണ്. ചട്ട്ണിക്കൊപ്പമാണ് ഇത് സാധാരണയായി വിളമ്പുന്നത്. സ്ട്രീറ്റ് ഫുഡായി വില്‍ക്കുന്ന മസാല വടയ്ക്കാണ് കൂടുതൽ ആരാധകരുള്ളത്.

ഭേൽപുരി

കഫേകളിലും സ്ട്രീറ്റ്‌ ഫുഡുകളിലും പ്രധാന വിഭവമാണ് ഭേൽപുരി. മുംബൈയിലാണ് ഇത് ആദ്യമെത്തിയത്. ഇപ്പോള്‍ മിക്കയിടത്തും ഈ ലഘുഭക്ഷണം, ഏറെ പ്രിയപ്പെട്ട വീഗൻ ഫുഡിന്റെ പട്ടികയില്‍ ഇടം നേടി കഴിഞ്ഞു.