വെബ് ഡെസ്ക്
ഒന്നോ അതിലധികമോ പേശികളുടെ അനിയന്ത്രിതമായ സങ്കോചമാണ് പേശീവലിവ്. കായികതാരങ്ങളും കഠിനമായ വ്യായാമങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്ന ആളുകളും പലപ്പോഴും അനുഭവിക്കുന്ന പ്രശ്നമാണ് പേശിവേദനയും പേശിവലിവും.
വർക്ക് ഔട്ട് ചെയ്യുന്ന വേളയിലോ അതിനുശേഷമോ അനുഭവപ്പെടുന്ന പേശിവലിവ് കുറയ്ക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം
വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് വാം-അപ്പ് ചെയ്യുക. നിങ്ങളുടെ പേശികളെ ചൂടാക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിലൂടെ പേശീവലിവ് ഉണ്ടാകാനുളള സാധ്യതകൾ കുറയ്ക്കുന്നു
വർക്ക് ഔട്ട് ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. വ്യായാമത്തിന് മുമ്പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക, പ്രത്യേകിച്ച് പുറത്ത് ചൂടാണെങ്കിൽ. ഇത് പേശിവലിവ് ഉണ്ടാകുന്നതിൽ നിന്നും തടയാൻ സഹായിക്കും.
വ്യായാമ വേളയിൽ നിങ്ങൾ അമിതമായി വിയർക്കുകയാണെങ്കിൽ സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടാം. സോഡിയത്തിന്റെ അളവ് സ്ഥായിയായി നിലനിർത്താൻ ആവശ്യമായ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുക. ഇലക്ട്രോലൈറ്റുകള്‍ ലഭിക്കുന്നതിനായി ഉപ്പ് അടങ്ങിയ ഭക്ഷണം നല്ല തോതില്‍ കഴിക്കുക.
പതിവായി വേദന ഉണ്ടാകുന്ന സ്ഥലം കണ്ടുപിടിക്കുക. പേശീവലിവ് ഉണ്ടായ സ്ഥലങ്ങളിൽ മസാജ് ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും. മസാജിങ്ങിനായി റോളർ പോലുളള സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.
പേശീവലിവ് കുറയ്ക്കുന്നതിനായി ആയാസം കുറഞ്ഞ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ഇത് വേദനയുള്ള സ്ഥലത്തെ രക്തയോട്ടം കൂട്ടുന്നതിന് സഹായിക്കും.
നിങ്ങൾ വ്യായാമം ചെയ്യുകയാണെങ്കിൽ ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ സമീകൃതാഹാരം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പേശികളുടെ ബലഹീനത തടയാൻ മിതമായ പ്രോട്ടീനും കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് സഹായിക്കും.