കൗമാരക്കാരെ കൈയിലെടുക്കാം; രക്ഷിതാക്കള്‍ ശ്രദ്ധിക്കാൻ

വെബ് ഡെസ്ക്

വ്യക്തിത്വ വികാസം സംഭവിക്കുന്ന സമയമാണ് കൗമാരപ്രായം. ബാല്യത്തിനും യൗവ്വനത്തിനുമിടയിലുള്ള ഈ കാലഘത്തില്‍ കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

കുട്ടികള്‍ സദാസമയവും മാതാപിതാക്കളുടെ ചിറകിന്റെ കീഴിലായിരിക്കേണ്ടവരെല്ലന്ന യാഥാര്‍ഥ്യം ആദ്യം ഉള്‍ക്കൊള്ളണം. അവരോട് ഇടപെടുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

കുട്ടികളുടെ വളര്‍ച്ച തിരിച്ചറിയുകയും അവരിലുണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് പ്രധാനം.

കൗമാരക്കാര്‍ എപ്പോഴും നിങ്ങളെ കേട്ടിരിക്കണമെന്നില്ല, ഈ പ്രായത്തില്‍ അവര്‍ക്ക് ഉപദേശങ്ങളും ആജ്ഞകളും ഇഷ്ടപ്പെടില്ല. അതിനാല്‍, കുട്ടികളെ നിശിതമായി വിമര്‍ശിക്കാതെയും മടുപ്പിക്കാതെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാം.

കുട്ടികളുമായി സൗഹൃദം സൂക്ഷിക്കുക. എന്ത് കാര്യവും തുറന്ന് പറയാനുള്ള ഇടമൊരുക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ പ്രശ്‌നങ്ങളെ മനസിലാക്കണം. കുട്ടികളെ വിശ്വസിക്കുകയും ശരിയും തെറ്റും ബോധ്യപ്പെടുത്തുകയും ചെയ്യണം.

കുട്ടികളുടെ എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നത് അവരെ നിങ്ങളില്‍ നിന്നും അകറ്റാന്‍ കാരണമാകും. അവരുടെ സ്വകാര്യതകളെ മാനിക്കണം. അതിരുകള്‍ സൂക്ഷിക്കണം, അതിനൊപ്പം അവരെ ശ്രദ്ധിക്കുകയും വേണം.

മുതിര്‍ന്ന ആളുകളെ ബഹുമാനിക്കുന്നത് പോലെ തന്നെ കുട്ടികളെയും ബഹുമാനിച്ച് തുടങ്ങേണ്ടത് അത്യാവശ്യമാണ്. അവരുടെ അഭിപ്രായങ്ങള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും വിലകൊടുക്കുമ്പോള്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തവും ആസ്വാദ്യകരവുമാകും.

കുട്ടികള്‍ക്ക് പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്ന സമയമാണ്. അവരുടെ പ്രണയത്തെയോ സൗഹൃദത്തെയോ മുന്‍വിധിയോടെ സമീപിക്കരുത്. കുട്ടികള്‍ക്ക് ചുറ്റുമുള്ള ആളുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

വീട്ടിലെ വരവു ചെലവുകളെക്കുറിച്ച് കുട്ടികളെയും ബോധവാന്മാരാക്കണം.