വെബ് ഡെസ്ക്
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പതിവായി വർക്കൗട്ട് ചെയ്യുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വർക്കൗട്ട് ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ നിലവിലെ ഫിറ്റ്നസ് ലെവൽ ആദ്യം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
ഒരു വർക്ക്ഔട്ട് പ്ലാൻ ആരംഭിക്കുന്നതിന് ശരിയായ മാർഗനിർദേശം സ്വീകരിക്കണം. വർക്കൗട്ട് പതിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വർക്കൗട്ട് ആരംഭിക്കുന്നതിന് മുൻപ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം
ഏതൊരു വർക്കൗട്ട് പ്ലാനിലും സ്ഥിരത പ്രധാനമാണ്. ദിനചര്യയിൽ ഉൾപ്പെടുത്തിക്കൊണ്ട് വ്യായാമം ശീലമാക്കണം. രാവിലെയായാലും ജോലി കഴിഞ്ഞതിന് ശേഷമായാലും, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു സമയം കണ്ടെത്തി അത് ശീലമാക്കണം
ഒരു തുടക്കക്കാരന്റെ വർക്കൗട്ട് പ്ലാനിൽ എയ്റോബിക്, സ്ട്രെങ്ത് ട്രെയിനിങ്ങുകൾ ഉൾപ്പെടുത്തണം. നീന്തൽ, ഓട്ടം അല്ലെങ്കിൽ നൃത്തം തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. വെയ്റ്റ് ലിഫ്റ്റിങ് അല്ലെങ്കിൽ റെസിസ്റ്റൻസ് ട്രെയിനിങ് പോലുള്ള സ്ട്രെങ്ത് ട്രെയിനിങ്ങുകൾ പേശികൾക്ക് ബലം നൽകുന്നു
ബോഡി വെയ്റ്റ് സ്ക്വാറ്റുകൾ, പുഷ്-അപ്പുകൾ, വാക്കിങ് ലങുകൾ, ഡംബെൽ എന്നിവ ഉൾപ്പെടുത്താം. ജിമ്മിൽ പോകാൻ താത്പര്യമില്ലാത്തവർക്ക് ഈ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യാം. ഈ വർക്കൗട്ടുകളുടെ ദൈർഘ്യം തുടക്കത്തിൽ 30 മുതൽ 40 മിനിറ്റ് വരെ ആയിരിക്കണം. ഓരോ സെറ്റുകൾക്കിടയിലും ഇടവേളകൾ ഉണ്ടായിരിക്കണം.
ഫിറ്റ്നസ് ലെവൽ മെച്ചപ്പെടുന്നതിന് അനുസരിച്ച് ആയിരിക്കണം വർക്കൗട്ടുകളുടെ ദൈർഘ്യവും ക്രമേണ വർധിപ്പിക്കുന്നത് വ്യായാമ വേളയിൽ നിങ്ങൾക്ക് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഇടവേള എടുക്കുക.
ആസ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, അസ്ഥികൾക്ക് ബലക്ഷയം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഒരു ഡോക്ടറെ കണ്ടതിന് ശേഷമേ വ്യായാമങ്ങളിൽ ഏർപ്പെടാവൂ.
വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ പോഷക സമൃദ്ധമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുകയും സമീകൃതാഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.