വെബ് ഡെസ്ക്
ഇസ്‌ലാം മത വിശ്വാസികള്‍ റംസാന്‍ കാലത്തേക്ക് തയ്യാറെടുക്കുകയാണ്. പകല്‍ ഭക്ഷണം ഉപേക്ഷിച്ച് സന്ധ്യവരെ നീളുന്ന ഉപവാസവും പ്രാര്‍ഥനയുമായി ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കുന്ന പ്രക്രിയ കൂടെയാണ് വിശ്വാസികള്‍ക്ക് റംസാന്‍ കാലം.
ഈ വര്‍ഷം മാര്‍ച്ച് 22 ന് റംസാന്‍ വ്രത കാലം ആരംഭിക്കുകയാണ്. കടുത്ത വേനല്‍ ചൂടിലാണ് ഇത്തവണ നോമ്പ് കാലം കടന്നുവരുന്നത്.
കടുത്ത വേനലിനെ അവഗണിച്ചുകൊണ്ട് നോമ്പെടുക്കാന്‍ സാധിക്കില്ല. ശരീരത്തെ ജലാംശം നിലനിര്‍ത്തികൊണ്ടാകണം നോമ്പ് കാലം. ശരീരത്തെ സംരക്ഷിച്ചുകൊണ്ട് വ്രതമാചരിക്കാം
വേനല്‍ കാലമായതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ജലാംശം നിലനിര്‍ത്തുന്നതിനു പ്രധാന മാര്‍ഗം അത്താഴ സമയത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുകയെന്നതാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉപവാസം അനുഭവിക്കുന്നതുകൊണ്ട് തന്നെ ജലാശം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കാനാകും.
ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഈന്തപ്പഴം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെമ്പ്, സെലീനിയം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ശരീരത്തിനു ലഭിക്കാന്‍ ഈന്തപ്പഴം സഹായിക്കും. കൂടാതെ വേനല്‍കാലമായതുകൊണ്ട് തന്നെ ശരീരത്തെ തണുപ്പിക്കാനും ഈന്തപ്പഴം ഉപയോഗിക്കാം
ജലാശം അടങ്ങിയ തണ്ണിമത്തന്‍, കുക്കുമ്പര്‍, തക്കാളി, ഓറഞ്ച്, കിവി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക
തൈര് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അസിഡിറ്റി കുറക്കാനും ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും രക്ഷിക്കാനും തൈര് സഹായിക്കും.
ഉപ്പും എരിവും മധുരവും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ നോമ്പുകാലത്ത് കുറക്കാന്‍ ശ്രദ്ധിക്കുക. ഈ ഭക്ഷണങ്ങള്‍ ദാഹം വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം.