വെബ് ഡെസ്ക്
മധുരമുള്ള പാനീയങ്ങളും സംസ്‌കരിച്ച ലഘുഭക്ഷണങ്ങളും മുതൽ മധുരപലഹാരങ്ങൾ വരെ നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തിന്റെ ഭാഗമായിരിക്കുകയാണ്.
പഞ്ചസാരയുടെ അമിതമായ ഉപയോഗം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ അടക്കം വലിയ പ്രത്യാഘാതങ്ങളിലേക്കാണ് വഴിതുറക്കുന്നത്.
പ്രമേഹം തന്നെയാണ് പ്രധാന വില്ലൻ. പാരമ്പര്യമായി പ്രമേഹമുളളവർ പഞ്ചസാരയോട് അകലം പാലിക്കുന്നത് നല്ലതാണ്. പൂർണമായും പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കും മുന്നെ ഒരു ഡയറ്റീഷ്യനെ കാണുന്നത് ഉചിതമായിരിക്കും. ഒരു മാസത്തേക്ക് പഞ്ചസാരയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാവുക എന്ന് നോക്കാം.
പഞ്ചസാര കുറയ്ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്ഥിരപ്പെടുത്താനും കഴിയും.
പഞ്ചസാരയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മധുരപലഹാരങ്ങളും മദ്യവും അമിതമായി കഴിക്കുന്നവരിൽ അമിതവണ്ണം സർവസാധാരണമാണ്. ഇവ ഒഴിവാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ശരീരത്തെ ഊർജ്ജസ്വലമാക്കാനും വളരെ കാര്യക്ഷമമായി പ്രവർത്തിക്കാനും സാധിക്കും. പഞ്ചസാരയുടെ ഉപഭോഗവും വ്യക്തിയുടെ മാനസിക ഉന്മേഷവും തമ്മിൽ വളരെയധികം ബന്ധമുണ്ട്.
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് കാലക്രമേണ ആസക്തി കുറയ്ക്കാൻ സഹായിക്കും. പ്രകൃതിദത്തമായ പഴങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പഞ്ചസാര ലഭിക്കുന്നുണ്ട്. നാരുകൾ , വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇവയ്ക്കൊപ്പം ലഭിക്കും.
പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. പല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് മധുരപലഹാരങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും. പഞ്ചസാരയുടെ ഉപഭോഗം പൂർണമായും കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കും. ചർമ്മം തിളക്കമുളളതാവും. മുഖക്കുരു കുറയുമെന്നും പഠനങ്ങൾ പറയുന്നു.