ചായ പ്രേമികളേ ഇതിലേ; പൊന്നും വിലയുള്ള ചായയെക്കുറിച്ചറിയാം

വെബ് ഡെസ്ക്

ആവി പറക്കുന്ന ഒരു കപ്പ് ചായയോട് കൂടിയാണ് മിക്കവരുടെയും ദിവസം ആരംഭിക്കുന്നത്. കോടികള്‍ വരെ വിലയുള്ള ചായപ്പൊടികള്‍ വിപണിയിലുണ്ട്. ചായ പ്രേമികള്‍ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ അഞ്ച് ചായകളെക്കുറിച്ചറിയാം..

ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലാണ് ചായയുടെ ചരിത്രം ആരംഭിക്കുന്നത്. ഇതേ ചൈനയില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ചായ ഉത്പാദിപ്പിക്കുന്നത്.

ഡാ-ഹോങ് പാവോ ടീ എന്നറിയപ്പെടുന്ന ചായയ്ക്ക് ഒരു കിലോഗ്രാമിന് 9 കോടി രൂപയിലധികം വില വരും. ഈ ചായയുടെ ചരിത്രം ചൈനയിലെ മിംഗ് രാജവംശവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ഏറ്റവും വിലകൂടിയ രണ്ടാമത്തെ ചായയും ചൈനയില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. പാണ്ട-ഡംഗ് ടീ എന്നാണ് ഈ ചായയുടെ പേര്.

പാണ്ട കരടിയുടെ വിസര്‍ജ്യം വളമായി ഉപയോഗിക്കുന്നതിനാലാണ് ഈ തേയിലയ്ക്ക് ഇങ്ങനെ പേര് ലഭിച്ചത്. ഒരു കിലോ പാണ്ട-ഡംഗ് ടീയ്ക്ക് 57 ലക്ഷം രൂപയിലധികം വിലവരും.

ലോകത്തിലെ വില കൂടിയ ചായകളില്‍ മൂന്നാം സ്ഥാനം സിംഗപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന യെല്ലോ ഗോള്‍ഡ് ടീ ബഡ്സിനാണ്. ഈ തേയില സ്വര്‍ണം പോലെ തിളങ്ങുന്നവയാണ്.

യെല്ലോ ഗോള്‍ഡ് ടീ ബഡ്സ് കൃഷി ചെയ്യുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇലകള്‍ മുറിക്കാറുള്ളൂ, അതും സ്വര്‍ണ കത്രിക കൊണ്ട് മാത്രമാണ് മുറിക്കുന്നത്. ഇതിന്റെ വില കിലോയ്ക്ക് ഏകദേശം 6 ലക്ഷം രൂപയില്‍ കൂടുതല്‍ വരും.

ഇന്ത്യക്കാര്‍ക്കും ചായ പ്രേമത്തില്‍ ഒട്ടും കുറവില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ നാലാമത്തെ ചായയായ സില്‍വര്‍ ടിപ്സ് ഇംപീരിയല്‍ ടീ ഇന്ത്യയിലാണ്.

സില്‍വര്‍ ടിപ്സ് ഇംപീരിയല്‍ ടീയുടെ ഇലകള്‍ പൗര്‍ണമി രാത്രികളില്‍ മാത്രമാണ് പറിച്ചെടുക്കുക. ഡാര്‍ജിലിങ് മലഞ്ചെരിവുകളില്‍ നിന്ന് വിളവെടുക്കുന്ന ഇവ 2014ലെ ലേലത്തില്‍ കിലോയ്ക്ക് 1,50,724 രൂപയ്ക്കാണ് വിറ്റത്.

ജപ്പാന്റെ ഗ്യോകുറോ എന്ന ഗ്രീന്‍ ടീയാണ് അഞ്ചാം സ്ഥാനത്ത്. ഗ്യോകുറോ എന്ന ഈ ചായ ഗ്രീന്‍ ടീയുടെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായി കണക്കാക്കപ്പെടുന്നു.

വൈക്കോല്‍ പായകളിലാണ് ഇത് വളര്‍ത്തുന്നത്. ഈ ചായയുടെ വില കിലോയ്ക്ക് ഏകദേശം 6,52,960 രൂപയാണ്.