ടോക്സിക് ബന്ധങ്ങള്‍ തിരിച്ചറിയാം

വെബ് ഡെസ്ക്

മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ബന്ധങ്ങളാണ്. ജീവിതത്തെ മനോഹരമാക്കാനും അതുപോലെ തന്നെ പ്രതിസന്ധിയിലാക്കാനും ബന്ധങ്ങള്‍ക്കാകുമെന്നതാണ് പ്രധാനം.

ചില ബന്ധങ്ങള്‍ ആരോഗ്യകരമാകും. മറ്റ് ചിലത് അനാരോഗ്യകരവും. സങ്കീര്‍ണതകള്‍ നിറഞ്ഞ ബന്ധത്തിലൂടെയാണോ കടന്നുപോകുന്നത് എന്ന് എങ്ങനെ തിരിച്ചറിയാനാകും?

പങ്കാളി നിങ്ങളോട് നിരന്തരം അനാദരവ് കാണിക്കുന്നെങ്കില്‍ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ വികാരങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ യാതൊരു വിലയും നല്‍കുന്നില്ലെന്നതിന്റെ സൂചനയാണിത്.

തുറന്ന സംസാരമാണ് ബന്ധങ്ങള്‍ ദൃഢമാക്കുന്നത്. നിങ്ങളുടെ പങ്കാളിയുമായി തുറന്നു പറച്ചിലുകള്‍ ഇല്ലെങ്കില്‍ ബന്ധത്തില്‍ വിള്ളല്‍ വീഴും.

തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വയം തീരുമാനമെടുക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ സൂക്ഷിക്കണം. എങ്ങനെ പെരുമാറണമെന്ന് മറ്റൊരാള്‍ നിശ്ചയിക്കുന്നത് സഹിക്കേണ്ടതില്ല. ഇങ്ങനെയുള്ള ബന്ധങ്ങള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങളെ ഒറ്റപ്പെടുത്തും.

പരസ്പര വിശ്വാസമില്ലാതെ ഒരു ബന്ധവും നിലനില്‍ക്കില്ല. പങ്കാളിയെ വഞ്ചിക്കുന്നത് ഏത് ബന്ധത്തിലും വിള്ളലിന് കാരണമാകും.

പങ്കാളിക്ക് വൈകാരിക പിന്തുണ നല്‍കി കൂടെ നില്‍ക്കുക എന്നത് ആരോഗ്യകരമായ ബന്ധത്തില്‍ പരമപ്രധാനമാണ്.

തെറ്റുകള്‍ സംഭവിക്കുന്നത് എല്ലാ സ്‌നേഹ ബന്ധങ്ങളിലും പതിവാണ് . എന്നാല്‍ തെറ്റ് തിരുത്തി ജീവിതത്തെ മനോഹരമാക്കാനുള്ള ശ്രമങ്ങളും അതോടൊപ്പമുണ്ടാകണം . തെറ്റ് പറ്റിയിട്ടും അതിന് ക്ഷമ ചോദിക്കാവന്‍ മടി കാണിക്കുന്നയാളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഉറപ്പിക്കാം; അത് അനാദരവാണ്.

പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് പങ്കാളിക്കെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാം. എന്നാല്‍ ദേഷ്യം നിയന്ത്രിക്കാനാകാതെ ശാരീരികവും മാനസികവുമായി മുറിപ്പെടുത്തുന്ന ബന്ധങ്ങളില്‍ തുടരരുത്.