യാത്ര പോകുന്നതിന്റെ തലേദിവസം ഉറക്കം നഷ്ടപ്പെടാറുണ്ടോ? നിങ്ങൾക്ക് ട്രാവൽ ആങ്സൈറ്റിയായിരിക്കാം

വെബ് ഡെസ്ക്

എവിടെയെങ്കിലും യാത്ര പോകുന്നത് ഓർക്കുമ്പോഴേ നിങ്ങൾക്ക് ടെൻഷൻ അനുഭവപ്പെടാറുണ്ടോ? യാത്രയ്ക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ, തയ്യാറെടുപ്പുകൾ എന്നീ കാര്യങ്ങൾ ഓർത്ത് ഉത്കണ്ഠപ്പെടാറുണ്ടോ? ഒരുപക്ഷേ ട്രാവൽ ആങ്സൈറ്റിയുടെ ലക്ഷണങ്ങളാകാം.

എന്തിനും ടെൻഷൻ

താമസം, യാത്രയിലെ സുരക്ഷാ എന്നീ കാര്യങ്ങൾ ഓർക്കുമ്പോൾ ടെൻഷൻ അനുഭവപ്പെടുന്നത് ട്രാവൽ ആങ്സൈറ്റിയുടെ പ്രധാന ലക്ഷണമാണ്.

ഉറക്കമില്ലായ്മ

യാത്രയെക്കുറിച്ചുള്ള ആകാംക്ഷയും തയ്യാറെടുപ്പുകളും പലപ്പോഴും ഉറക്കം നഷ്ടമാകാൻ കാരണമാകുന്നു. എല്ലാം കൃത്യമായി നടക്കുമോ എന്ന അമിത ചിന്തയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം.

അമിത ദേഷ്യം

യാത്രാ തയ്യാറെടുപ്പുകളും ആസൂത്രണവുമുണ്ടാക്കുന്ന ടെൻഷൻ മാനസികമായി ഏറെ സമ്മർദം സൃഷ്ടിച്ചേക്കാം. ഇത് നിസാരമായ കാര്യങ്ങൾക്ക് പോലും ദേഷ്യം വരാൻ കാരണമാകുന്നു.

അമിത ചിന്ത

യാത്ര സംബന്ധിക്കുന്ന വിവരങ്ങള്‍, തീയതി, ടിക്കറ്റുകള്‍ തുടങ്ങിയവ നിരന്തരം പരിശോധിക്കുക യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് പലരിൽ നിന്നായി വിവരങ്ങൾ തേടുക, അമിതമായി ഗവേഷണം ചെയ്യുക എന്നതും ട്രാവൽ ആങ്സൈറ്റിയുടെ ലക്ഷണങ്ങളാണ്.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ഉത്ക്കണ്ഠകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും.

കൃത്യമായ ആസൂത്രണം

യാത്ര മനസിലാക്കി നേരത്തെ തന്നെ ആവശ്യമായ ഗവേഷണങ്ങൾ നടത്തുക, വിശദമായ പ്ലാനുകൾ തയ്യാറാക്കുക, എല്ലാം നേരത്തെ സജ്ജമാക്കുക. ഒന്നും അവസാന നിമിഷത്തിലേയ്ക്ക് മാറ്റി വയ്ക്കാതിരിക്കുക.

ടെൻഷൻ പങ്കുവയ്ക്കാം

യാത്രയുമായി ബന്ധപ്പെട്ട് മനസിലുണ്ടാകുന്ന വ്യാകുലതകൾ നിങ്ങളെ മനസിലാക്കും എന്ന് തോന്നുന്ന കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കു വയ്ക്കുക. ഒരുപക്ഷെ നിങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ അവർക്ക് സാധിക്കും.

യാഥാർഥ്യവുമായി പൊരുത്തപ്പെടുക

തെറ്റുകൾ ആർക്കും പറ്റുമെന്ന് മനസിലാക്കുക. എത്ര കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാലും ചെറിയ പാളിച്ചകൾ സംഭവിക്കുമെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ തയ്യാറാകണം. ഒരു പരിധി വരെ നിങ്ങളുടെ സകല പ്രശ്നങ്ങൾക്കും ഇതിലൂടെ പരിഹാരമായേക്കാം.