ഇവിടെന്തൊരു ചൂടാണ്; ലോകത്തിലെ ചുട്ടുപൊള്ളുന്ന പത്തുസ്ഥലങ്ങള്‍

വെബ് ഡെസ്ക്

ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. വളരെ ഉയർന്ന താപനിലയുള്ള നിരവധി സ്ഥലങ്ങൾ ലോകമെമ്പാടും ഉണ്ട്. എന്നാൽ ഭൂമിയിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങൾ ഏതാണ്?

ജിദ്ദ(സൗദി അറേബ്യ)

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയാണ്. 2010 ലെ ഉയര്‍ന്ന താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ഈ വര്‍ഷം വീണ്ടും താപനില ഉയര്‍ന്നിരിക്കുകയാണ്

മെക്‌സിക്കലി(മെക്‌സിക്കോ)

മെക്‌സിക്കോയുടെ വടക്കൻ അതിർത്തിയിലുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ മെക്‌സിക്കാലിയ്ക്ക് 'സൂര്യനെ പിടിച്ചടക്കിയ നഗരം' എന്ന വിളിപ്പേരുണ്ട്. മെക്‌സിക്കോയിലെ ഏറ്റവും തീവ്രമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ജൂലൈയിലെ ശരാശരി ഉയര്‍ന്ന താപനില 42.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. കഴിഞ്ഞ ആഴ്‌ച താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു.

സാന്‍ബാവോ (ചൈന)

സിൻജിയാങ് മേഖലയിലെ സാൻബാവോ ഗ്രാമത്തിൽ ജൂലൈ 16-ന് 52.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

ടര്‍ബത്ത് (പാകിസ്താന്‍)

ഏഷ്യയിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായാണ് ടര്‍ബത്ത് അറിയപ്പെടുന്നത്. 2017ല്‍ 53.07 ഡിഗ്രി സെല്‍ഷ്യസ് റെക്കോഡ് താപനിലയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

ബസ്ര ( ഇറാഖ്)

2016 ജൂലൈ 22-ന് 53.9 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയാണ് ഇറാഖിലെ ബസ്രയില്‍ രേഖപ്പെടുത്തിയത്. നഗരത്തില്‍ ഏകദേശം 1.5 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്.

മിത്രിബ (കുവൈത്ത്)

ഉയര്‍ന്ന താപനിലയുള്ള കുവൈറ്റിലെ അഞ്ചാമത്തെ പ്രദേശമാണ് മിത്രിബ. 53.09 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

ടിരാറ്റ് സ്വി (ഇസ്രായേല്‍)

ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ടിരാറ്റ് സ്വി ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 2021 ലെ കണക്കനുസരിച്ച് 975 ആളുകള്‍ മാത്രമാണ് ഇവിടെയുള്ളത്. 1942 ല്‍ 54 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.

അഹ്വാസ് (ഇറാന്‍)

ഇറാനിലെ അഹ്വാസില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 54 ഡിഗ്രി സെല്‍ഷ്യസ് ആണ് 2017 ല്‍ രേഖപ്പെടുത്തിയത്. ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ അഹ്വാസില്‍ ഏകദേശം 1.3 ദശലക്ഷം ജനസംഖ്യയുണ്ട്.

കെബിലി (ടുണീഷ്യ)

ആഫ്രിക്കയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് കെബിലി.1931 ജൂലൈ 7 ന് 55 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണിത്.

ഫര്‍ണസ് ക്രീക്ക് (ഡെത്ത് വാലി)

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് കാലിഫോര്‍ണിയയിലെ (യുഎസ്എ) ഡെത്ത് വാലിയിലെ ഫര്‍ണസ് ക്രീക്ക് ആണ്. ഇവിടെ 56.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് 1913 ജൂലൈ 10 ന് രേഖപ്പെടുത്തിയത്. വേനല്‍ക്കാലങ്ങളിൽ ഡെത്ത് വാലിയിലെ ശരാശരി പ്രതിദിന ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസ് ആണ്.