ലോക പൈതൃകദിനം: ഇന്ത്യയിലെ ചില പൈതൃക കേന്ദ്രങ്ങൾ കാണാം

വെബ് ഡെസ്ക്

ലോകത്തിലെ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. സാംസ്കാരിക വൈവിധ്യം, പൈതൃക സംരക്ഷണം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പ്രമേയങ്ങളോടെയാണ് ഓരോ വർഷവും ലോക പൈതൃക ദിനം ആചരിക്കുന്നത്

ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്സ് ആൻഡ് സൈറ്റ്സ് (ഐസിഒഎംഒഎസ്) ആണ് ലോക പൈതൃക ദിനം സ്ഥാപിച്ചത്. 1983-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ഇതിന് അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഒരോ വിഷയമാണ് ലോക പൈതൃക ദിനത്തിന്റെ ഭാഗമായി തീരുമാനിക്കുന്നത്. ’പൈതൃക മാറ്റങ്ങള്‍’ എന്നതാണ് 2023-ലെ വിഷയം. ഇന്ത്യയിലെ ചില പൈതൃക സൈറ്റുകൾ നോക്കാം:

ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്‌സ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖജുരാഹോ. ഒൻപതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ മധ്യ ഇന്ത്യയിലെ ബുന്ദേൽഖണ്ഡ് ഭരിച്ചിരുന്ന ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് പ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങൾ നിർമിച്ചത്. സൂക്ഷ്മമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ഖജുരാഹോ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഡൽഹി സുൽത്താനേറ്റ് മധ്യ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ഈ ക്ഷേത്രങ്ങൾ ആരാധനയ്ക്കായി സജീവമായി ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. 85 ക്ഷേത്രങ്ങളിൽ നിലവിൽ 20 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്

താജ് മഹൽ

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് താജ്മഹൽ. 1631 നും 1648 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ ശവകുടീരമായി യമുനാ നദിയുടെ തീരത്ത് ആഗ്രയിൽ നിർമിച്ചതാണ് ഇത്

സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. ബിസിഇ മൂന്നാം നൂറ്റാണ്ട് മുതൽ എ ഡി പന്ത്രണ്ടാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ബുദ്ധമതത്തിന്റെ എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്

ഹംപി

ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി. തുംഗഭദ്ര നദിയുടെ തീരത്ത് നിർമിച്ചതിനാൽ നദിയുടെ പുരാതന നാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി അറിയപ്പെട്ടിരുന്നത്. ഹംപി ധാരാളം ക്ഷേത്രങ്ങളാല്‍ സമൃദ്ധമാണ്. 1509-1529 കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി

അജന്ത ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബിസിഇ രണ്ടാം നൂറ്റാണ്ട് മുതൽ എ ഡി ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു

തമിഴ്നാട്ടിലെ ചോള ക്ഷേത്രങ്ങള്‍

തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ചോള രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ക്ഷേത്രങ്ങള്‍ അതുല്യമായ കൊത്തുപണികളാല്‍ പ്രശസ്തമാണ്. ബൃഹദേശ്വര ക്ഷേത്രമാണ് ഇവയില്‍ പ്രധാനം