വെബ് ഡെസ്ക്
യുക്രെയ്ന്‍-റഷ്യ യുദ്ധം
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചത്. ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയ്ക്ക് ഈ വര്‍ഷം ഭൂഖണ്ഡം സാക്ഷിയായി. യുദ്ധം ലോക രാജ്യങ്ങളില്‍ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമടക്കം കാരണമായി.
യുഎസ്-ചൈന സംഘര്‍ഷം
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും ഓഗസ്റ്റില്‍ തായ്‌വാൻ സന്ദര്‍ശനത്തിനെത്തി. സ്വന്തം പ്രവിശ്യയായി കരുതുന്ന ദ്വീപിലേയ്ക്ക് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അയക്കുന്നതിനെതിരെ യുഎസിന് മുന്നറിയിപ്പ് നല്‍കി ചൈന രംഗത്തെത്തി. പിന്നാലെയാണ് ചൈന-യുഎസ് സംഘർഷം കനക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണം
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ ഏഴ് പതിറ്റാണ്ടിലേറെ ഭരിച്ച എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍ എട്ടിനാണ് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. രാജ്ഞിയുടെ മരണത്തോടെ മൂത്ത മകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവായി.
ഇറാനിലെ പ്രതിഷേധം
ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മഹ്സ അമിനിയെന്ന 22കാരിയെ സെപ്റ്റംബര്‍ 16ന് ഇറാന്‍ മതകാര്യ പോലീസ് പിടികൂടി. കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി മരിച്ചതോടെ രാജ്യമെങ്ങും ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി. വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മതകാര്യ പോലീസ് സംവിധാനം ഇറാൻ നിർത്തലാക്കി.
മങ്കി പോക്സ്
മെയ് മാസം 110 രാജ്യങ്ങളില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. ഡിസംബര്‍ 15ഓടെ, ലോകാരോഗ്യ സംഘടന 82,828 വൈറസ് ബാധിതകേസുകളാണ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.