ടൈറ്റന്‍: കോടികള്‍ വിലമതിക്കുന്ന സമുദ്ര യാത്ര

വെബ് ഡെസ്ക്

ടൈറ്റാനിക്ക് കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ ടൈറ്റന്‍ പേടകം കാണാതായിട്ട് ഇന്നേക്ക് അഞ്ച് ദിവസം. അറ്റ്ലാന്റിക് സമുദ്രത്തില്‍ അകപ്പെട്ട ടൈറ്റൻ കണ്ടെത്തുന്നതിനുള്ള തീവ്രയജ്ഞത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.

മുങ്ങിക്കപ്പലുകള്‍ക്ക് സമാനമായതും എന്നാല്‍ വളരെ പരിമിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതുമായ ജലവാഹനങ്ങളാണ് സമുദ്രപേടകങ്ങള്‍.

പേടകത്തില്‍ അവശേഷിക്കുന്ന ഓക്‌സിജനും തീര്‍ന്നു തുടങ്ങി. ഇനി ചുരുങ്ങിയ മണിക്കൂറുകളിലേക്കുള്ള ഓക്‌സിജന്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ.

കോടികള്‍ വിലമതിക്കുന്നതാണ്, ടൈറ്റാനിക്കിന്റെ അവശേഷിപ്പുകള്‍ കാണാനായുള്ള ഈ യാത്രയുടെ ടിക്കറ്റ്. 10 മണിക്കൂർ യാത്രയ്ക്കായി രണ്ടര കോടിയാണ് ടിക്കറ്റിന്റെ വില.

9,252 കിലോഗ്രാമാണ് ടൈറ്റന്റെ ഭാരം. മണിക്കൂറില്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുക. എല്‍ഇഡി ലൈറ്റുകളും സോണാര്‍ നാവിഗേഷന്‍ സംവിധാനവും ഉയര്‍ന്ന നിലവാരമുള്ള ക്യാമറകളും പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നാണ് ഉടമകളായ ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കുന്നത്.

അപകട സാധ്യതയുള്ള സമുദ്ര സഞ്ചാരമായതിനാല്‍, പുറപ്പെടുന്നതിന് മുന്‍പ് മരണം വരെ പതിയിരിക്കുന്ന യാത്രയായിരിക്കുമിതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രത്തില്‍ ഒപ്പിടണം.

അകത്ത് കയറിയാല്‍ തറയില്‍ പേടകത്തിന്റെ വളഞ്ഞ ഭിത്തിയോട് ചേര്‍ന്നാണ് യാത്രികര്‍ ഇരിക്കേണ്ടത്. പേടകത്തില്‍ ഒരു ശുചിമുറി സൗകര്യവുമുണ്ട്.

ടൈറ്റന്‍ പേടകം നിയന്ത്രിക്കാന്‍ ഉപയോഗിച്ചത് ഓഫ്-ദി-ഷെല്‍ഫ് ലോജിടെക് ഗെയിമിങ് കണ്‍ട്രോളറാണ്. അത്തരമൊരു കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചതാകാം പേടകം മുങ്ങാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.