എക്‌സ് 7ന്റെ പുതിയമുഖം; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു
ആഡംബരവും ആധുനികതയും ഒത്തുചേര്‍ന്ന കരുത്തന്‍ എസ്‌യുവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാഹന പ്രേമികളുടെ മനസില്‍ ഓടിയത്തുന്ന പേരുകളിലൊന്നാണ് ബിഎംഡബ്ല്യു എക്‌സ് 7. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമായ ഫുള്‍ സൈസ് എസ്‌യുവി എക്‌സ് 7ന്റെ 2023മോഡല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ചെന്നൈയിലെ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന വാഹനത്തിന് നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. രണ്ട് വേരിയന്റുകളിലായാണ് 6 സീറ്റര്‍ എസ്‌യുവിയെ കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
ഡിസൈന്‍ പൂര്‍ണമായും ഉടച്ചുവാര്‍ത്താണ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയെ കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് വരുത്തിയത്. കിഡ്‌നി ഗ്രില്ലിന്റെ വലിപ്പം വര്‍ധിപ്പിച്ചെങ്കിലും മുന്‍വശത്തെ ഡിസൈന്‍ കൂടുതല്‍ ആധുനികമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ബംപറിനു താഴെയായി എയര്‍ ഇന്‍ടേക്കും ഇരുവശങ്ങളിലും എയര്‍ കര്‍ട്ടനുകളും പുതുതായി സജ്ജീകരിച്ചിരിക്കുന്നു
സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കൂര്‍ത്ത എഡ്ജുകളുള്ള ഡിസൈനും വാഹനത്തെ ആകര്‍ഷകമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ബംപറിനു താഴെയായി എയര്‍ ഇന്‍ടേക്കും ഇരുവശങ്ങളിലും എയര്‍ കര്‍ട്ടനുകളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. പിന്‍ഭാഗത്ത് പുതിയ ത്രീഡി ടെയില്‍ ലാമ്പുകളും നീളത്തിലുള്ള ക്രോം സ്ട്രിപ്പുമാണ് പ്രധാന ആകര്‍ഷണം. പിന്നിലെ ഇരട്ട സൈലെന്‍സറുകളും വലിയ 20 ഇഞ്ച് അലോയ് വീലുകളും കാഴ്ചയില്‍ എടുത്തു നില്‍ക്കുന്നു.
വിവിധ നിറങ്ങളില്‍ പ്രകാശിക്കുന്ന സ്‌കൈ ലോഞ്ച് പനോരമിക് സണ്‍റൂഫ് വാഹനത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്
ആരെയും ഞെട്ടിക്കുന്ന തരത്തിലാണ് എക്‌സ് 7ന്റെ ഇന്റീരിയര്‍ ഡിസൈന്‍. കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. 14നിറങ്ങളില്‍ പ്രകാശം പൊഴിക്കുന്ന ആംബിയന്റ് ലൈറ്റിങ് ഡാഷ്‌ബോഡിലുടനീളം പടര്‍ന്നു കിടക്കുന്നു. പുതുതായി ഡിസൈന്‍ ചെയ്ത ക്രോം എസി വെന്റുകളും ഗിയര്‍ നോബും ഉള്ളിലെ ആഡംബരം വര്‍ധിപ്പിക്കുന്നുണ്ട്.
വിവിധ നിറങ്ങളില്‍ പ്രകാശിക്കുന്ന സ്‌കൈ ലോഞ്ച് പനോരമിക് സണ്‍റൂഫും വാഹനത്തിന് നല്‍കിയിട്ടുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍, മസാജ് എന്നീ ഫങ്ഷനുകള്‍ നല്‍കിയിരിക്കുന്നു. ഹാമന്‍ കാഡന്റെ 16സ്പീക്കര്‍ സൗണ്ട് സിസ്റ്റം മികച്ച ശ്രവ്യാനുഭവമാകും സമ്മാനിക്കുക.
കൂടുതല്‍ ഇന്ധനക്ഷമതയ്ക്കും കരുത്തിനുമായി ഇരു മോഡലുകള്‍ക്കും 48വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്
3 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് പുത്തന്‍ എക്‌സ് 7ന്റെ വരവ്. എക്‌സ് 7 xDrive 40i ആണ് പെട്രോള്‍ മോഡല്‍. 381ബിഎച്ച്പി കരുത്തും 520എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് xDrive 40i യുടെ ഹൃദയം.
xDrive 40d എന്ന മോഡലാണ് എക്‌സ്7ന്റെ ഡീസല്‍ കരുത്തന്‍. 340ബിഎച്ച്പി കരുത്തും 700എന്‍എം ടോര്‍ക്കുമാണ് 3 ലിറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
കൂടുതല്‍ ഇന്ധനക്ഷമതയ്ക്കും കരുത്തിനുമായി ഇരു മോഡലുകള്‍ക്കും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ഇരു മോഡലുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.
ലക്ഷ്വറി എസ്‌യുവി എക്‌സ് 7ന്റെ xDrive40i പെട്രോള്‍ പതിപ്പിന് 1.22 കോടി രൂപ മുതലും xDrive40d ഡീസല്‍ പതിപ്പിന് 1.25 കോടി രൂപ മുതലുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
പ്രീമിയം ഫീച്ചറുകളും പുത്തന്‍ ഡിസൈനുമുള്ള മികച്ച 6സീറ്റര്‍ എസ്‌യുവി, വോള്‍വോ എക്‌സ് സി90, മെഴ്‌സിഡീസ് ജിഎല്‍എസ് എന്നിവയോടാകും ഇന്ത്യയില്‍ മത്സരിക്കുക.