മുഖം മിനുക്കി ഹ്യൂണ്ടായ് ഐ 20 എത്തുന്നു ; ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും
പുതിയ മുഖമായെത്തുന്ന ഐ 20യുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് ഹ്യൂണ്ടായ്. ഈ വര്‍ഷമവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അകത്തും പുറത്തും മാറ്റങ്ങളായെത്തുന്ന വാഹനത്തിന്റെ മോഡലുകളില്‍ എഡിഎഎസ് ഫീച്ചറും ഉള്‍ക്കൊള്ളുന്നു.
കാഴ്ച്ചയില്‍ പുതുമ തോന്നിക്കുന്നതിനായി മുന്‍ ബംബറില്‍ മാറ്റങ്ങളോടെയാണ് കാര്‍ വിപണിയിലെത്തുക. കൂടാതെ ഗ്രില്ലിന്റെ ഇരു ഭാഗങ്ങളിലുമായി എയര്‍ ഇന്‍ലെറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസൈനോടു കൂടിയ അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് 17 ഇഞ്ചാണ് വീല്‍ സൈസ്. ആകര്‍ഷകമായ ഡ്യൂവല്‍ ടോണ്‍ പിന്‍ ബംബര്‍ വാഹനത്തിന്റെ കാഴ്ച്ചയില്‍ എടുത്തു നില്‍ക്കും. കൂടാതെ ലൈന്‍ മെറ്റാലിക് കളര്‍, ലൂമെന്‍ ഗ്രേ , മെറ്റാ ബ്ലൂ എന്നീ പുതിയ നിറങ്ങളിലും ഐ 20 പുറത്തിറങ്ങും.
യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഐ 20യുടെ നിര്‍മാണം നടക്കുക ടര്‍ക്കിയിലാണ്. ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 48 v മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനുമാണ് യൂറോപ്യന്‍ വിപണിയിലെത്തുന്ന മോഡലിലും ഉണ്ടാകുക. ഏഴു സിസിടിയും ആറ് സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്‌സ് . മാറ്റങ്ങള്‍ വരുത്തിയ 10.25 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും എഡിഎഎസ് ഫീച്ചറും ഇതിന്റെ പ്രത്യേകതയില്‍ ഉള്‍പ്പെടുന്നു.
രാജ്യാന്തര വിപണിയില്‍ തിളങ്ങിയതിനു ശേഷം ഈ വര്‍ഷമവസാനമാകും വാഹനം ഇന്ത്യന്‍ വിപണിയിലെത്തുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടും കൂടിയാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തുക.