അടുത്ത വർഷം ഒക്ടോബർ മുതല്‍ കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധം; വാഹനങ്ങളുടെ വില വര്‍ധിച്ചേക്കും
അടുത്ത വർഷം ഒക്ടോബർ ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ കാറുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എട്ട് സീറ്റുകള്‍ വരെയുള്ള പാസഞ്ചര്‍ വാഹനങ്ങള്‍ക്കാണ് (എം 1 കാറ്റഗറി) ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുക.
ഈ ഒക്ടോബര്‍ 1 മുതല്‍ തന്നെ വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചിപ്പ് ക്ഷാമം ഉള്‍പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പദ്ധതി അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. വാഹനത്തിന്റെ വിലയോ വേരിയന്റോ പരിഗണിക്കാതെ എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
അപകടങ്ങള്‍ കുറയ്ക്കുന്നതിനും വാഹനത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. 2019 ജൂലൈ മുതല്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, ഒറ്റ എയര്‍ബാഗ്, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ നിര്‍ബന്ധമാക്കി. 2021 ഏപ്രിലില്‍ പാസഞ്ചര്‍ കാറുകളില്‍ ഇരട്ട എയര്‍ബാഗുകളും വേണമെന്നാവശ്യപ്പെട്ടു. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയ തീരുമാനം. 6 എയര്‍ബാഗുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതിന് ഒരു ലക്ഷം രൂപയോളം അധിക ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ കാറുകള്‍ക്ക് വില വര്‍ദ്ധിച്ചേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.