പവർഫുള്‍ സഫാരിയും ഹാരിയറും; ടാറ്റയുടെ കരുത്തൻ വാഹനങ്ങള്‍ നിർമിക്കുന്നത് വനിതകള്‍

പവർഫുള്‍ സഫാരിയും ഹാരിയറും; ടാറ്റയുടെ കരുത്തൻ വാഹനങ്ങള്‍ നിർമിക്കുന്നത് വനിതകള്‍

കമ്പനിയുടെ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് പ്ലാന്റിലെ പുതിയ അസംബ്ലി ലൈനിലെ ഒമേഗ ഫാക്ടറിയിലാണ് ഹാരിയർ, സഫാരി എസ്‌യുവികൾ നിർമിക്കുന്നത്
Updated on
1 min read

ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹനങ്ങളും (ഇ വി) ടാറ്റ സഫാരി, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികളും വാഹനപ്രേമികൾക്ക് ഏറെ പ്രിയപെട്ടവയാണ്. വിപണിയിൽ വൻതോതിലാണ് സഫാരിയുടെയും ഹാരിയറിന്റെയും വില്പന നടക്കുന്നത്. എന്നാൽ അതിനേക്കാൾ കൗതുകകരമായ ഒന്നാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സിനെ വാർത്തകളിൽ നിറയ്ക്കുന്നത്.

കമ്പനിയുടെ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് പ്ലാന്റിലെ പുതിയ അസംബ്ലി ലൈനിലെ ഒമേഗ ഫാക്ടറിയിലാണ് ഹാരിയർ, സഫാരി എസ്‌യുവികൾ നിർമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ, അത്യാധുനിക സംവിധാനത്തോടെയുള്ള ഈ എസ്‌യുവികൾ വനിതാ ക്രൂവാണ് അസംബിൾ ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ സംഗതി. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയമായ എസ്‌യുവികൾ നിർമിക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സിലെ മുഴുവൻ വനിതാ ക്രൂവും നിർണായകമായ പങ്ക് വഹിക്കുന്നു. 2021 ന്റെ അവസാനത്തിലാണ് കമ്പനി ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഇവർ അസംബിൾ ചെയ്ത ആദ്യ വാഹനം പുറത്തെത്തിയത് 2022 ഫെബ്രുവരിയിലാണ്. അസംബ്ലി ലൈനിന് ഏകദേശം 65 പ്രധാന വർക്ക് സ്റ്റേഷനുകളും 22 സബ് അസംബ്ലി സ്റ്റേഷനുകളും ഉണ്ട്. അവയെല്ലാം നിയന്ത്രിക്കുന്നതും വനിതകളാണ്.

ഒറ്റനോട്ടത്തിൽ, ഒരു നിർമാണ കേന്ദ്രത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് അസാധാരണമായി തോന്നാനിടയില്ല. എന്നാൽ ഈ വ്യവസായമേഖലയിലെ തൊഴിൽ ശക്തിയുടെ നാലിലൊന്ന് സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം

ഒറ്റനോട്ടത്തിൽ, ഒരു നിർമാണ കേന്ദ്രത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് അസാധാരണമായി തോന്നാനിടയില്ല. എന്നാൽ ഈ വ്യവസായമേഖലയിലെ തൊഴിൽ ശക്തിയുടെ നാലിലൊന്ന് സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഓക്‌സ്‌ഫാം ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 2021-ൽ രാജ്യത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (എൽഎഫ്‌പിആർ) വെറും 25 ശതമാനമായിരുന്നു. എന്നാൽ സ്ത്രീകൾ ഇപ്പോൾ എല്ലാ തൊഴിൽ മേഖലകളിലേക്കും പ്രവേശിക്കുകയാണ്. ഈ ഒരു മാറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനവധി പെൺകുട്ടികളെ ആവശ്യമായ വിദ്യാഭ്യാസം നൽകി മേഖലയിൽ പരിശീലിപ്പിക്കാൻ സംരംഭത്തിനായിട്ടുണ്ട്.

കമ്പനിയുടെ ഒമേഗ ഫാക്ടറി വിഭാഗത്തിൽ നിലവിൽ, സഫാരിയുടെയും ഹാരിയറിന്റെയും അസംബ്ലി ലൈനിൽ മൂന്ന് ഷിഫ്റ്റുകളിലായി 1500 വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഹാരിയറിന്റെയും സഫാരിയുടെയും 240 യൂണിറ്റുകൾ പ്രതിദിനം ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ടെന്ന് ടാറ്റ പറയുന്നു. ആർത്തവ ആരോഗ്യം, ശുചിത്വം, പോഷകാഹാരം, മാനസികാരോഗ്യം, സ്വയം പ്രതിരോധ പരിശീലനം എന്നിവയെക്കുറിച്ചുള്ള അവബോധത്തോടെ വനിതാ തൊഴിലാളികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവർത്തിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in