ചൈനീസ് വാഹനങ്ങളിലെ കണക്ടഡ് കാര്‍ സാങ്കേതിക വിദ്യകള്‍ നിരോധിക്കാൻ അമേരിക്ക; രാഷ്ട്രീയപ്രേരിതമെന്ന് ചൈന
ചൈനീസ് വാഹനങ്ങളിലെ കണക്ടഡ് കാര്‍ സാങ്കേതിക വിദ്യകള്‍ നിരോധിക്കാന്‍ അമേരിക്ക. ഇത്തരം സാങ്കേതിക വിദ്യകളെ മൊത്തത്തില്‍ നിരോധിക്കാനുള്ള ആലോചനയിലാണ് അമേരിക്ക. കണക്ടഡ് കാര്‍ സാങ്കേതിക വിദ്യ സുരക്ഷാ അപകടമുണ്ടാക്കുമെന്ന ഭയമാണ് അമേരിക്കയുടെ തീരുമാനത്തിനു പിന്നില്‍.
അമേരിക്കന്‍ റോഡുകളില്‍ ചൈനീസ് കണക്ടഡ് കാറുകള്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന് ജോ ബൈഡന്‍ ഭരണകൂടം പരിശോധിക്കുമെന്ന് അമേരിക്കന്‍ വ്യാപാര സെക്രട്ടറി ജിന റയ്‌മൊണ്ടോ പ്രതികരിച്ചു. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും രാജ്യത്ത് വിലക്കുണ്ടാകുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിവരങ്ങളും പരിശോധിച്ച് എന്ത് നടപടി സ്വീകരിക്കുമെന്ന് ആലോചിക്കുമെന്ന് റെയ്മൊണ്ടോ പറഞ്ഞു.
എന്നാൽ റെയ്‌മൊണ്ടോയുടെ പ്രതികരണത്തിനെതിരെ ചൈനീസ് വിദഗ്ധര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വാഹനമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് റെയ്‌മൊണ്ടോ ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു. അമേരിക്കയുടെ ഈ നീക്കം വിതരണ ശൃംഖലയെ ദുര്‍ബലപ്പെടുത്തുമെന്നും അമേരിക്കയെ ഇത് ബാധിക്കുമെന്നും ചൈന വിദേശ കാര്യ മന്ത്രാലയം വക്താവ് ലിന്‍ ജാന്‍ പ്രതികരിച്ചു.
ഇലക്ട്രിക് വാഹനങ്ങളായ ബിവൈഡിയും എന്‍ഐഒയും അമേരിക്കയിൽ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ചൈനയില്‍ നിര്‍മിച്ച വോള്‍വോയുടെ എക്‌സ് 30 എസ് യുവി വടക്കേ അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്. കൂടാതെ പോള്‍സ്റ്റാറിന്റെ 2 സെഡാനും അമേരിക്കയില്‍ ലഭ്യമാണ്.
അമേരിക്കൻ ഭീമനായ ടെസ്‌ലയും ചൈനയില്‍ സമാനമായ വിലക്കുകള്‍ നേരിടുന്നുണ്ട്. സുരക്ഷാജാഗ്രതയുള്ള പ്രദേശങ്ങളില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ ഉടമകളോട് നിർദേശിച്ചിരുന്നു. ചൈനയിലെ ടെസ്‌ല വാഹനങ്ങളുടെ വിവരങ്ങള്‍ ആ രാജ്യത്ത് തന്നെ സൂക്ഷിക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സുരക്ഷാ ഭീഷണിയില്ലെന്ന ചൈനീസ് അധികൃതരുടെ കണ്ടെത്തലിനെത്തുടര്‍ന്ന് ചൈനയിലെ എല്ലാ പ്രദേശങ്ങളിലൂടെയും കാർ ഓടിക്കാനുള്ള അനുമതി ടെസ്‌ലയ്ക്കു ലഭിച്ചിട്ടുണ്ട്.