ഗംഭീര സ്റ്റൈൽ; എഥർ 450 അപെക്സ് ഉടൻ നിരത്തുകളിൽ, വില 1.89 ലക്ഷം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രോണിക് വാഹന നിർമാതാക്കളായ എഥർ എനർജിയുടെ പുതിയ ഫ്ലാഗ്ഷിപ് മോഡൽ 450 അപെക്സ് പുറത്തിറങ്ങി. 1.89 ലക്ഷം രൂപമുതലാണ് എക്സ് ഷോറൂം വില. പവറിലും ടോപ് സ്പീഡിലും ഉൾപ്പെടെ മിക്ക മേഖലകളിലും എഥർ 450 എക്‌സിനേക്കാൾ ഒട്ടേറെ മാറ്റങ്ങളോടെയാണ് പുതിയ മോഡൽ നിരത്തുകളിലെത്തുന്നത്. മാർച്ച് മുതലായിരിക്കും എഥർ 450 ആക്സിന്റെ ഡെലിവറി ആരംഭിക്കുക.
കഴിഞ്ഞ മാസം മുതലായിരുന്നു ഇരുചക്രവാഹനത്തിന്റെ പുത്തൻ മോഡലിന്റെ ബുക്കിങ് ആരംഭിച്ചത്. പഴയ മോഡലിലുണ്ടായിരുന്ന 6.4 കിലോവാട്ട്സിനെ അപേക്ഷിച്ച് കൂടുതൽ ശക്തമായ 7.0 kW/26 Nm മോട്ടോറോടെയാണ് എഥർ അപെക്സ് പുറത്തിറക്കിയിരിക്കുന്നത്. മുൻപ് കൈവരിക്കാനാകുന്ന ഉയർന്ന വേഗം 90 ആയിരുന്നെങ്കിൽ ഇനിമുതൽ മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും എഥറിനാകും. നിശ്ചലാവസ്ഥയിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരികക്കാൻ എഥർ അപെക്‌സിന് 2.9 സെക്കൻഡുകൾ മതിയെന്നാണ് കമ്പനി അവാകാശപ്പെട്ടുന്നത്.
450 എക്‌സിലുണ്ടായിരുന്ന അതേ 3.7 kWh ബാറ്ററിയാണ് പുതിയ മോഡലിലും വരുന്നതെങ്കിലും ഒരുതവണ ചാർജ് ചെയ്‌താൽ 157 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്നാണ് എഥർ പറയുന്നത്. ‘Warp+’ എന്ന പുതിയ മോഡ് ഉൾപ്പെടെ അഞ്ച് വിവിധ റൈഡിങ് മോഡുകളാണുള്ളത്. ഇതിനുപുറമെ ബ്രേക്ക് ഉപയോഗിച്ചില്ലെങ്കിലും ത്രോട്ടിൽ വിടുന്നതോടെ താനെ വേഗം കുറയുന്ന 'മാജിക് ട്വിസ്റ്റ്' എന്നൊരു സവിശേഷതയും 450 അപെക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂട്ടറിന്റെ സൈഡ് റീലുകൾ കാണാവുന്ന ഇരുവശങ്ങളോട് കൂടിയ ഇൻഡിയം ബ്ലൂ നിറത്തിൽ 450 അപെക്സ് ലഭ്യമാണ്. മൂന്നുവർഷമോ 30,000 കിലോമീറ്ററോ (ഏതാണോ ആദ്യം) ആയിരുന്നു നേരത്തെ ബാറ്ററിയുടെ വാറന്റി ഉണ്ടായിരുന്നത്. ഇത് നിലവിൽ അഞ്ച് വർഷമോ 60000 കിലോമീറ്ററോ എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാറ്റങ്ങൾ മാറ്റിനിർത്തിയാൽ 450 എക്‌സിലുണ്ടായിരുന്ന അതേ സവിശേഷതകളാണ് പുതിയ മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത്.