ഇലക്ട്രിക് കരുത്തുകാട്ടാന്‍ ഏഥർ; 450എസ്, 450എക്സ് സ്‌കൂട്ടറുകൾ അവതരിപ്പിച്ചു
ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ പ്രമുഖരായ ഏഥറിന്റെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണയിലേക്ക്. ഏഥര്‍ 450 എസ്, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിങ് ആരംഭിച്ചു. 1.30 ലക്ഷം മുതൽ 1.68 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില വരുന്ന വാഹനങ്ങളാണ് ഏഥര്‍ 450 എസ്, 450 എക്സ് മോഡലുകള്‍.
ഓഗസ്റ്റ് മൂന്നാം വാരത്തോടെ 450 എക്സും ഓഗസ്റ്റ് അവസാനത്തോടെ 450 എസും വിപണിയിൽ ലഭ്യമാകും. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇപ്പോൾ 2.9kWh ബാറ്ററി പാക്കിലാണ് ലഭ്യമാകുക. 3.7kWh ബാറ്ററി പാക്കിനൊപ്പം 450എക്സ് 2023 ഒക്ടോബർ മുതൽ ലഭ്യമാകും.
ഏഥറിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് പുതുതായി പുറത്തിറക്കിയ 450എസ്. 450എക്സിലെ 7-ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ അടിസ്ഥാന എൽസിഡി കളർ ഡിസ്‌പ്ലേ ഉപയോഗിച്ച് മാറ്റിയാണ് 450എസിൽ എത്തിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെ 450എക്സിന്റെ പല സവിശേഷതകളും നിലനിർത്തിക്കൊണ്ട് പ്ലേബാക്ക് മ്യൂസിക്കും ഫോൺ കോളും ഓൺ-ബോർഡ് നാവിഗേഷനും നിയന്ത്രിക്കാൻ അനുവദിക്കുന്ന സജ്ജീകരണങ്ങളും 450എസിൽ ഒരുക്കിയിരിക്കുന്നു.
3.7kWhൽ നിന്ന് 2.9kWhലേക്ക് ബാറ്ററി കപ്പാസിറ്റിയിൽ വന്ന കുറവാണ് വാഹനത്തിന്റെ വിലയിൽ വന്ന വ്യത്യാസത്തിനു പിന്നിൽ. 8.5 മണിക്കൂറിൽ നുറ് ശതമാനം ചാർജാക്കാൻ പ്രാപ്തിയുള്ള കുറഞ്ഞ ശക്തിയുള്ള ഹോം ചാർജറുമായാണ് 450എസ് എത്തുന്നത്. ചെറിയ ബാറ്ററി പായ്ക്ക് (111kg മുതൽ 108kg വരെ), 450എക്സിനേക്കാൾ അൽപ്പം കട്ടി കുറഞ്ഞ പിൻ ടയർ (100/80-12 ന് വിപരീതമായി 90/90-12) എന്നിവയാണ് 450എസിന്റെ മറ്റു സവിശേഷതകൾ.
2022 ജൂലൈ മുതൽ വിപണിയിലുള്ളതാണ് 3.7kWh ബാറ്ററി പായ്ക്കുള്ള 450എക്സ്. എന്നാൽ പുതിയ പതിപ്പ് 2.9kWh ബാറ്ററി പാക്കിലും ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. ഏറ്റവും വേഗതയേറിയ ഹോം ചാർജർ കൂടി ലഭിക്കുന്നതോടെ വാഹനം നൂറ് ശതമാനം ചാർജാകാൻ ഏകദേശം ആറ് മണിക്കൂർ മതിയാകും. 1.45 ലക്ഷം രൂപ മുതൽ 1.68 ലക്ഷം രൂപ വരെയാണ് 450എക്സിന്റെ ഈ റേഞ്ച്-ടോപ്പിങ് പതിപ്പിന്റെ എക്സ് ഷോറൂം വില.
22 Nm പരമാവധി ടോർക്ക് പുറപ്പെടുവിക്കാൻ ശേഷിയുള്ള 5.4 kW ഇലക്ട്രിക് മോട്ടോറാണ് ഇവികളിൽ സജ്ജീകരിച്ചിരിക്കുന്നത്. വിപണിയിൽ ഓല എസ്1 എയർ, ടിവിഎസ് ഐക്യൂബ് എന്നീ ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയെ ആയിരിക്കും ഏഥർ ഇവികൾ നേരിടുക.