ഔഡിയുടെ ജനപ്രിയ മോഡലുകള്‍ക്ക് മെയ് ഒന്ന് മുതല്‍ വില വര്‍ധിക്കും
മെയ് ഒന്ന് മുതല്‍ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ വാഹന നിർമാതാക്കളായ ഔഡി. കസ്റ്റംസ് തീരുവയും ഇൻപുട്ട് ചെലവും വർധിച്ചതിന്റെ ആഘാതം നികത്താനാണ് വില വർധന. ഔഡി ക്യൂ 3, ക്യു 3 സ്‌പോർട്‌ബാക്ക് വേരിയന്റുകളുടെ വില 1.6 ശതമാനമാണ് വർധിപ്പിച്ചത്. അടുത്തിടെ ഔഡി ക്യു 8 സെലിബ്രേഷൻ, ഔഡി ആർഎസ് 5, ഔഡി എസ് 5 എന്നിവയുടെ വില 2.4 ശതമാനം വർധിപ്പിച്ചിരുന്നു.
എന്നാൽ വില വര്‍ധന ബ്രാന്‍ഡിന്റെ ഡിമാന്‍ഡില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പക്ഷേ തിരഞ്ഞെടുത്ത മോഡലുകളുടെ 2.4 ശതമാനം വില വര്‍ധന രാജ്യത്തെ അവയുടെ മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിച്ചേക്കാം.
'ഇന്ത്യയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടിയിലും ഇന്‍പുട്ട് ചെലവുകളിലും ഉണ്ടായ വര്‍ധന വില വര്‍ധിപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു'. ഓഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിങ് ധില്ലണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ തലങ്ങളിലുള്ള സാമ്പത്തിക ആഘാതം ഉൾക്കൊള്ളാൻ കമ്പനി ശ്രമിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ വില വർധനവ് ആവശ്യമാണെന്നും ബല്‍ബീര്‍ സിങ് കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ഔഡി വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ, വർധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും ചൂണ്ടിക്കാട്ടി കമ്പനി അതിന്റെ മോഡൽ ശ്രേണിയിലുടനീളം എക്സ്-ഷോറൂം വിലകൾ 1.7 ശതമാനം വരെ ഉയർത്തിയിരുന്നു. പുതിയ നിരക്കുകൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിലുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ഔഡി Q3 സ്‌പോർട്‌ബാക്ക് പുറത്തിറക്കിയത്.
അതേസമയം, വാഹന വിപണിയിൽ മാരുതി സുസുക്കി, മെഴ്‌സിഡസ് ബെൻസ് എന്നീ കമ്പനികളും ഇതിനോടകം വില വർധന നടപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിലായി 2 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള വാഹനങ്ങളുടെ വില ബെൻസ് വർധിപ്പിച്ചത്. മാരുതി സുസുക്കി ഏപ്രിൽ 1 മുതൽ എല്ലാ മോഡലുകളിലും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ടാറ്റ മോട്ടോഴ്‌സും ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും വില വർധന പ്രഖ്യാപിച്ചിരുന്നു.