ഇന്ത്യക്കാര്‍ക്ക് ചെറുകാറുകളോട് പ്രിയം കുറയുന്നു;  സെവന്‍ സീറ്റര്‍ വാഹനങ്ങളുടെ ഉത്പാദനം കൂട്ടാന്‍ കമ്പനികള്‍

ഇന്ത്യക്കാര്‍ക്ക് ചെറുകാറുകളോട് പ്രിയം കുറയുന്നു; സെവന്‍ സീറ്റര്‍ വാഹനങ്ങളുടെ ഉത്പാദനം കൂട്ടാന്‍ കമ്പനികള്‍

അല്‍കാസറിനെ മുഖം മിനുക്കി വിപണിയില്‍ എത്തിച്ച് ഹ്യുണ്ടായ് ആണ് ഈ മേഖലയില്‍ മത്സരത്തിന് തുടക്കമിട്ടത്
Updated on
1 min read

പൊതു ഗതാഗതം വെല്ലുവിളിയായ കോവിഡ് കാലത്ത് വാഹന വിപണിയിലുണ്ടാക്കിയ വളര്‍ച്ച നിലനിര്‍ത്താന്‍ വലിയ പാസഞ്ചര്‍ വാഹനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിച്ച് വാഹന കമ്പനികള്‍. മാരുതി, ഹ്യൂഡായ്, ടൊയോട്ട തുടങ്ങളിയ കമ്പനികളാണ് സീറ്റിങ് കപ്പാസിറ്റി കൂടിയ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. അംഗങ്ങള്‍ കൂടിയ വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ നീക്കം.

തങ്ങളുടെ വലിയ പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്നായ അല്‍കാസറിനെ മുഖം മിനുക്കി വിപണിയില്‍ എത്തിച്ച് ഹ്യുണ്ടായ് ആണ് ഈ മേഖലയില്‍ മത്സരത്തിന് തുടക്കമിട്ടത്. ഗ്രാന്റ് വിത്താരയുടെ സെവന്‍ സീറ്റര്‍ പുറത്തിറക്കി മാരുതി അടുത്ത വര്‍ഷം ആദ്യം മത്സരത്തിന്റെ ഭാഗമാകും. എസ് യുവി വിഭാഗത്തില്‍പ്പെടുന്ന ഹൈറൈഡറിന്റെ പുതിയ പതിപ്പായിരിക്കും ടൊയോട്ട അവതരിപ്പിക്കുക കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇവി അടിസ്ഥാനമാക്കിയായിരിക്കും സെവന്‍സീറ്റര്‍ മത്സരത്തില്‍ ഭാഗമാകുക. ഗ്ലോസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും എംജി മോട്ടോര്‍സ് വിപണിയിലെത്തിക്കുക.

നിലവില്‍ ബേസ് മോഡല്‍ ചെറുകാറുകളോട് ഇന്ത്യന്‍ വാഹന വിപണിക്ക് പ്രിയം കുറഞ്ഞെന്നാണ് വിലയിരുത്തല്‍. മഹീന്ദ്ര എക്‌സ് യുവി 700 മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ സഫാരി എന്നീ വലിയ വാഹനങ്ങളുടെ വില്‍പനയും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു. 15 ലക്ഷം മുതല്‍ 25 ലക്ഷം വരെ വിലവരുന്ന ഈ വാഹനങ്ങളുടെ 335,208 യൂണിറ്റുകളാണ് 2023 ല്‍ വിറ്റുപോയത്. ഇവയുള്‍പ്പെടെ വിപണിയുടെ താത്പര്യങ്ങളില്‍ വന്ന മാറ്റം കമ്പനികളെ വലിയ പാസഞ്ചര്‍ വാഹനങ്ങളെ കുറിച്ച് ചിന്തിപ്പിക്കാന്‍ ഇടയാക്കുന്നു. നിലവില്‍ ആറ് വാഹനങ്ങളാണ് ഈ ശ്രേണിയില്‍ മുന്‍ നിരയിലുള്ളത്. കിയ കാര്‍ണിവെല്‍, ഇന്നോവ, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് മറ്റ് വാഹനങ്ങള്‍.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ വലിയ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 63 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍. എസ് യുവി , എംപിവി (മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍) എന്നിവയുള്‍പ്പെടുന്നതാണ് ഈ കണക്ക്. മുന്‍ വര്‍ഷത്തേക്കാന്‍ 50 ശതമാനം വര്‍ധനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in