കാത്തിരിപ്പിന് വിരാമം; ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ നിരത്തിലേക്ക്
വിലകുറഞ്ഞ ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിളായ ജി 310 ആര്‍ആര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. വാഹനത്തിനുള്ള പ്രീ-ബുക്കിംഗ് കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ എന്‍ജിനും പ്‌ളാറ്റ്‌ഫോമും പങ്കുവെച്ചുകൊണ്ടാകും പുതിയ ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ എത്തുന്നത്. ഏറ്റവും പുതിയ BMW G 310 RR 2022 ഈ മാസം 15ന് വിപണിയില്‍ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം.
ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ മോട്ടോറാഡ് കളര്‍ ലഭിക്കുന്നതുകൊണ്ട് ടിവിഎസ് അപ്പാച്ചെ RR 310 നെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയാകും വാഹനമെന്ന് ഉറപ്പ്
ബിഎംഡബ്ല്യു എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍മിക്കാനായി ടിവിഎസ് മോട്ടോഴ്സുമായി സഹകരിച്ച് 310 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തു. ഈ പ്ലാറ്റ്ഫോമില്‍ G 310 R , G 310 GS എന്നീ 2 വാഹനങ്ങളും ബിഎംഡബ്ല്യു വിപണിയില്‍ എത്തിച്ചിരുന്നു. ഇതേ പ്ലാറ്റ്‌ഫോമില്‍ ടി വി എസ് നിര്‍മിച്ച ഫുള്‍ ഫെയര്‍ഡ് പെര്‍ഫോമന്‍സ് ബൈക്കാണ് അപ്പാച്ചെ ആര്‍ആര്‍ 310. ഈ വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ ന്റെ നിര്‍മാണം. മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ മോട്ടോറാഡ് കളര്‍ ലഭിക്കുന്നതുകൊണ്ട് ടിവിഎസ് അപ്പാച്ചെ RR 310 നെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയാകും വാഹനമെന്ന് ഉറപ്പ്.
റൈഡിംഗ് മോഡുകള്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടി എഫ് ടി ഡിസ്‌പ്ലേ എന്നീ ഫീച്ചറുകള്‍ വാഹനത്തില്‍ ഉണ്ടാകും. ബിഎംഡബ്ല്യുവിന്റെ ബാഡ്ജിങ്ങില്‍ നിരത്തിലെത്തുന്നത് കൊണ്ട് കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. നിര്‍മാണ നിലവാരത്തിന്റെ കാര്യത്തില്‍ ബിഎംഡബ്ല്യു നിരാശപ്പെടുത്തില്ല. സസ്‌പെന്‍ഷന്‍ ട്യൂണിങ്, ഗിയര്‍ റേഷ്യോ, പവര്‍ ട്രയിന്‍ ട്യൂണിങ് എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
3,999 രൂപയില്‍ ആരംഭിക്കുന്ന കുറഞ്ഞ ഇഎംഐകള്‍, സ്റ്റാന്‍ഡേര്‍ഡ്, ബുള്ളറ്റ് , ബലൂണ്‍ എന്നിങ്ങനെ മൂന്ന് സാമ്പത്തിക പാക്കേജുകളും ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസ് വാഗ്ദാനം ചെയ്യുന്നു
313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനായിരിക്കും ബിഎംഡബ്ല്യു ജി 310 ആര്‍ആറിന് കരുത്തുപകരുന്നത്. 9,500 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്പിയും 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി 3,999 രൂപയില്‍ ആരംഭിക്കുന്ന കുറഞ്ഞ ഇഎംഐകള്‍, സ്റ്റാന്‍ഡേര്‍ഡ്, ബുള്ളറ്റ് , ബലൂണ്‍ എന്നിങ്ങനെ മൂന്ന് സാമ്പത്തിക പാക്കേജുകളും ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസ് വാഗ്ദാനം ചെയ്യുന്നു.