വില നാല് കോടി, ഇന്ത്യയിലെത്തുക 25 എഎംജിജി 63; വിപണിയെ ഞെട്ടിക്കാന്‍ ബിഎംഡബ്ല്യു,
ഇന്ത്യന്‍ നിരത്തിൽ മാറ്റുരയ്ക്കാൻ ജര്‍മന്‍ വാഹന ഭീമന്‍മാര്‍. രണ്ട് പുത്തൻ വാഹനങ്ങളുമായി ജർമ്മൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. മെഴ്‌സിഡസും രംഗത്തെത്തുന്നു. അത്യാഡംബര എസ്യുവിയുമായി മെഴ്‌സിഡസ് എത്തുമ്പോള്‍ ഇലക്ട്രിക് എസ്യുവിയുമായാണ് ബിഎംഡബ്ല്യുവിന്റെ കടന്നുവരവ്.
മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷനും ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നാലുകോടി രൂപയിൽ പുറത്തിറക്കിയിരിക്കുന്ന എഎംജി ജി 63യുടെ 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തിൽ മൊത്തം 1000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് ലഭ്യമായ വാഹനത്തിന്റെ ഡെലിവറികൾ 2024 ന്റെ തുടക്കത്തിൽ ആരംഭിക്കും. ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ വിറ്റുതീർന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച വിൽപ്പനയ്‌ക്കെത്തിയ iX1 എസ്‌യുവിക്ക് 66.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
585 എച്ച്‌പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ ടർബോ വി8 പെട്രോൾ എഞ്ചിനാണ് എഎംജി ജി 63ക്ക് കരുത്ത് പകരുക. ആദ്യമായി എഎംജി ലോഗോയും മെഴ്‌സിഡസിന്റെ സ്റ്റാർ ചിഹ്നവും കാലഹരി ഗോൾഡ് മാഗ്നോ നിറത്തിൽ വാഹനത്തിന് ലഭിക്കുന്നു.
മുന്നിലെയും പിന്നിലെയും ബമ്പറുകൾ, മുൻവശത്തെ ഒപ്റ്റിക്കൽ അണ്ടർറൈഡ് സംരക്ഷണം, സ്പെയർ വീൽ ഇൻലേയിലെ മെഴ്‌സിഡസ് സ്റ്റാർ, സ്പെയർ വീൽ റിങ് എന്നിവയും കാലഹരി ഗോൾഡ് നിറത്തിൽ ഒരുക്കിയിരിക്കുന്നു. 22 ഇഞ്ച് എഎംജി ഫോർജ്ഡ് വീലുകളും ക്രോസ്-സ്‌പോക്ക് ഡിസൈനും മാറ്റ് ബ്ലാക്ക് സെൻട്രൽ ലോക്കിങ് നട്ടും മെഴ്‌സിഡസ് സ്റ്റാറും ഗോൾഡിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു.
മെഴ്‌സിഡസ്-എഎംജി ജി 63 ഗ്രാൻഡ് എഡിഷന്റെ ഇന്റീരിയർ കറുപ്പും സ്വർണ്ണവും നിറത്തിലാണുള്ളത്. ഗോൾഡ് സ്റ്റിച്ചിങ്ങുള്ള നാപ്പ ലെതർ സീറ്റുകൾ, മൂന്ന് സ്പോക്ക് എഎംജി പെർഫോമൻസ് സ്റ്റിയറിങ് വീൽ, ഡോർ ട്രിമ്മുകളിൽ എഎംജി എംബ്ലങ്ങൾ എന്നിവയുണ്ട്. സീറ്റുകളിൽ കാണുന്ന എഎംജി ലോഗോ സ്വർണ്ണ നിറത്തിലാണ് നൽകിയിരിക്കുന്നത്. കറുപ്പ് നിറമുള്ളതും സ്വർണ്ണ തുന്നലുമുള്ളതാണ് ഫ്ലോർ മാറ്റുകൾ.
ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന എക്‌സ്‌ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയാണ് ബിഎംഡബ്ല്യു iX1ൽ ഉള്ളത്. 66.4 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന വാഹനം 5.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. 308 bhp കരുത്തും 494 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് വാഹനത്തിനുള്ളത്.
റാപ്പിഡ് ചാർജിങ് സാങ്കേതികവിദ്യയാണ് പുതിയ ബിഎംഡബ്ല്യു iX1ൽ സജ്ജീകരിച്ചിരിക്കുന്നത്. 130 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, ബാറ്ററി പായ്ക്ക് 80 ശതമാനം വരെ 20 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മിനിറ്റ് ചാർജ് ചെയ്താൽ 120 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നു.