നഗരങ്ങൾക്കായി ഒരു സ്റ്റൈലിഷ് ഇലക്ട്രിക് സ്കൂട്ടർ; ബിഎംഡബ്ല്യു സിഇ 02 ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും
ബിഎംഡബ്ള്യു തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ഒക്ടോബർ ഒന്നിന് നിരത്തിലെത്തും. സിഇ 02 എന്ന മോഡലാണ് ബിഎംഡബ്ല്യു പുതുതായി അവതരിപ്പിക്കുന്നത്.
ഒരു പ്രാക്ടിക്കൽ വാഹനം എന്ന രീതിയിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ഹീറോ, ടിവിഎസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മോട്ടോർ സൈക്കിൾ കമ്പനികൾ പോലും ഇലക്ട്രിക് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന കാലത്ത് പ്രീമിയം കമ്പനിയായ ബിഎംഡബ്ള്യുവും ഇലക്ട്രിക് സ്കൂട്ടറുകളുമായി രംഗത്തെത്തുകയാണ്. തങ്ങൾ നേരത്തെ അവതരിപ്പിച്ച സിഇ 04 എന്ന മോഡൽ അവതരിപ്പിച്ചതിന് പിന്നാലെ സിഇ 02 എന്ന പുതിയ മോഡലുമായി ബിഎംഡബ്ള്യു രംഗത്തെത്തുകയാണ്.
ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സ്റ്റൈലിഷ് ആകുന്ന കാലമാണ്. സൗകര്യപ്രദവും ചെലവുകുറവുമായ വാഹനം എന്ന സ്ഥിരം വിശദീകരണങ്ങൾക്കപ്പുറം ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന തരം ഡിസൈനുമായാണ് സിഇ 02 നിരത്തിലെത്തുന്നത്. വാഹനത്തിന്റെ നടുക്കായാണ് ബാറ്ററിയും ഇലക്ട്രിക് മോട്ടോറും സ്ഥാപിച്ചിരിക്കുന്നത്.
സിഇ 04ന് തൊട്ടുതാഴെയുള്ള മോഡലായാണ് സിഇ 02വിനെ കമ്പനി അവതരിപ്പിക്കുന്നത്. രണ്ട് കിലോവാട്ട്-അവർ ശക്തിയുള്ള എയർകൂൾഡ് ഇലക്ട്രിക് മോട്ടോറാണ് വണ്ടിയിലുള്ളത്. ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 45 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന സ്കൂട്ടറിന്റെ ഏറ്റവും കൂടിയ വേഗതയും 45 കിലോമീറ്ററായിരിക്കും. എന്നുവച്ചാൽ നഗരങ്ങളിൽ ദിവസേന ജോലിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പോകാൻ ഉപയോഗിക്കാമെന്ന് ചുരുക്കം.
അതേസമയം കൂടുതൽ വേഗതവേണമെന്നാഗ്രഹിക്കുന്നവർക്ക് മണിക്കൂറിൽ 95 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഡ്യുവൽ ബാറ്ററി മോഡലും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഒറ്റചചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കാനും സാധിക്കും.
ഡബിൾ ലൂപ്പ് സ്റ്റീൽ ഫ്രേമിലാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന മോണോഷോക്ക് സസ്പെൻഷനാണ് കമ്പനി അവതരിപ്പിക്കുന്നത്. വീതിയുള്ള 14 ഇഞ്ച് വീലുകളാണ് വണ്ടിയിലുള്ളത്. മുന്നിലും പിന്നിലുമായി 239 എംഎം, 220 എംഎം ഡിസ്ക് ബ്രേക്കുകളും വണ്ടിയിലുണ്ടാകും. 3.5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്പീഡ്, റേഞ്ച്, ബാറ്ററി സ്റ്റാറ്റസ് എന്നീ അത്യാവശ്യവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സർഫ്, ഫ്ലോ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളാണ് സ്കൂട്ടറിലുണ്ടാവുക.