വാഹന വിപണിയെ തല്ലിയും തലോടിയും ബജറ്റ്

വാഹന വിപണിയെ തല്ലിയും തലോടിയും ബജറ്റ്

അഞ്ച് ലക്ഷം വരെ വിലയുള്ള കാറുകളുടെയും പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതിയില്‍ ഒരു ശതമാനം വർധനയും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനവും നികുതി വര്‍ധിക്കും
Updated on
1 min read

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും വൈദ്യുത വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകള്‍, പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ റോഡ് ടാക്‌സിലാണ് വര്‍ധന. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിച്ചത്.

അഞ്ച് ലക്ഷം വരെ വിലയുള്ള കാറുകളുടെയും പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതിയില്‍ ഒരു ശതമാനം വർധനയും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനവും നികുതി വര്‍ധിക്കും. 15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതിയാണ് വർധിപ്പിച്ചത്.

15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതിയാണ് വർധിപ്പിച്ചത്

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുന്നതാണ് ബജറ്റ്. സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനമാണ് നികുതി. എന്നാല്‍ പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ ആറ് മുതല്‍ 20 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ടാക്‌സ് ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടേതിന് സമാനമായി അഞ്ച് ശതമാനമായി കുറച്ചു.

കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തി

പ്രതിസന്ധി അനുഭവിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്കും ആശ്വാസം പകരുന്നതാണ് ബജറ്റ്. ഈ വിഭാഗത്തിലെ വാഹനങ്ങളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തി. ഇതുവഴി 28 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെങ്കിലും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നാണ് ധനമന്ത്രി അറിയിച്ചത്.

ഇരുചക്ര വാഹനങ്ങളുടെ സെസ് 50 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ത്തി

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ സെസ് 50 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും വര്‍ധിപ്പിച്ചു. 250 രൂപയായിരുന്ന ഹെവി വാഹനങ്ങളുടെ സെസ് 500 രൂപയാക്കി ഉയര്‍ത്തി.

logo
The Fourth
www.thefourthnews.in