കുതിപ്പ് തുടരാന്‍ ബിവൈഡി; 521 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് രണ്ടാമത്തെ വാഹനം അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി. രാജ്യത്ത് മറ്റ് വാഹനങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതകളുമായാണ് ഇലക്ട്രിക് എസ്‌യുവി അറ്റോ 3 യെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
520 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് ഉള്ള ഇ6 എന്ന ആദ്യ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് തന്നെ ശക്തമായ കടന്നുവരവാണ് കമ്പനി ഇന്ത്യയില്‍ നടത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ടെസ്ലയെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ EV നിര്‍മ്മാതാവായി ബിവൈഡി മാറിയിരുന്നു.
7.3 സെക്കന്‍ഡ് കൊണ്ട് 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറും അറ്റോ 3
1875 എംഎം വീതിയും 1615 എംഎം ഉയരവുമുള്ള കരുത്തുറ്റ എസ്‌യുവിയാണ് അറ്റോ 3. 4455 എംഎം നീളമുള്ള വാഹനത്തില്‍ 2720എംഎം വീല്‍ബേസ് അകത്തെ സ്ഥലസൗകര്യം വ്യക്തമാക്കുന്നു. 521 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചുള്ള വാഹനത്തിലെ 60kWh ശേഷിയുള്ള ബാറ്ററി 50 മിനിറ്റ് കൊണ്ട് 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും .
201 ബിഎച്ച്പി പവറും 310 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തു പകരുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഇലക്ട്രിക് എസ്‌യുവി. 7.3 സെക്കന്‍ഡ് കൊണ്ട് 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറും അറ്റോ 3. ഇന്ത്യയില്‍ സെമി നോക്ക് ഡൗണ്‍ ആയി ഇറക്കുമതി ചെയ്യുന്ന വാഹനം ചെന്നൈയിലെ പ്ലാന്റിലാകും അസംബിള്‍ ചെയ്യുക.
മുന്‍ മോഡലായ ബിവൈഡി ഇ6 ന് സമാനമായ രീതിയില്‍ ക്രമീകരിക്കാവുന്ന തരത്തിലുള്ള 8-സ്പീക്കര്‍ 12.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ലെവല്‍ 2 ADAS സംവിധാനം, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍,360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്ക് ടെയില്‍ഗേറ്റ് എന്നിങ്ങനെ ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് ബിവൈഡി അറ്റോ 3.
സുരക്ഷയുടെ കാര്യത്തിലും മറ്റ് വാഹനങ്ങളോട് കിടപിടിക്കും പുത്തന്‍ ഇലക്ട്രിക് വാഹനം. 7 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍,സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം,ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50,000 രൂപ അടച്ച് വാഹനം ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം
ഹ്യുണ്ടായി കോന ഇവി, എംജി ഇസെഡ്എസ്, എന്നീ വാഹനങ്ങളാകും ബിവൈഡി അറ്റോ 3യുടെ എതിരാളികള്‍. ഏകദേശം 30 ലക്ഷം രൂപയാകും അറ്റോ 3യുടെ എക്‌സ്-ഷോറൂം വില. സര്‍ഫ് ബ്ലൂ, ബോള്‍ഡര്‍ ഗ്രേ, സ്‌കൈ വൈറ്റ്, പാര്‍ക്കര്‍ റെഡ് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ആദ്യത്തെ 500 യൂണിറ്റുകളുടെ വിതരണം 2023 ജനുവരി മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50,000 രൂപ അടച്ച് വാഹനം ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം