'ഉൾവശവും സുരക്ഷിതമല്ല'; കാർ ബ്രാൻഡുകൾ വണ്ടിക്കുള്ളിലെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ പകർത്തുന്നതായി പഠനം
ലോകത്തെ നിരവധി ജനപ്രിയ കാർ ബ്രാൻഡുകൾ വണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവരുടെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പകർത്തുന്നതായി പഠനം. കാറുകൾ കൂടുതൽ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടമാകുന്നുവെന്ന് തെളിയിക്കുന്ന പഠനം കാലിഫോർണിയ ആസ്ഥാനമായുള്ള മോസില്ല ഫൗണ്ടേഷനാണ് നടത്തിയത്. 25 കാർ ബ്രാൻഡുകളെയാണ് ഫൗണ്ടേഷൻ പ്രധാനമായും പഠനവിധേയമാക്കിയത്.
മോസില്ല ഫൗണ്ടേഷൻ പഠനം നടത്തിയ ബ്രാൻഡുകളൊന്നും സ്വകാര്യത മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നില്ലെന്ന് പഠനം പറയുന്നു. കാർ ബ്രാൻഡുകൾ ഡേറ്റ വ്യവസായം നടത്തുന്നുണ്ടെന്നും മോസില്ല ഫൗണ്ടേഷൻ പറഞ്ഞു. സ്വകാര്യത ലംഘനം നടത്തുന്ന കാർ ബ്രാൻഡുകളിൽ മുൻപന്തിയിലുള്ളത് 'ടെസ്ല' ആണെന്ന് പഠനം പറയുന്നു. 'നിസാൻ' ആണ് രണ്ടാമത്. ലൈംഗിക പ്രവർത്തനങ്ങൾ ഉൾപ്പെടയുള്ള സ്വകാര്യമായ കാര്യങ്ങൾ ഇവർ പകർത്തുന്നുണ്ട്. 84 ശതമാനം കാർ ബ്രാൻഡുകളും സേവന ദാതാക്കൾ, ഡാറ്റ ബ്രോക്കർമാർ, മറ്റ് വെളിപ്പെടുത്താത്ത വ്യവസായങ്ങൾ എന്നിവരുമായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരം പങ്കിടുന്നുണ്ടെന്ന് സമ്മതിച്ചതായി പഠനം കണ്ടെത്തി.
പഠനം നടത്തിയ കാർ ബ്രാൻഡുകൾ 76 ശതമാനവും അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ വിറ്റതായി സമ്മതിക്കുന്നു. അവരിൽ തന്നെ പകുതിയിലധികവും സർക്കാരിന്റെ അപേക്ഷ പ്രകാരം വിവരങ്ങൾ കൈമാറിയതായി കണ്ടെത്തി. ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഡ്രൈവിങ് സമയത്തിനുപുറമെ എന്റർടൈൻമെന്റ്, മൂന്നാംകക്ഷി ഫങ്ഷനുകളായ സാറ്റലൈറ്റ് റേഡിയോ, മാപ്പ് എന്നിവയും ചോർത്തുന്നു.
92 ശതമാനം കാർ ബ്രാൻഡുകളും ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ഡാറ്റയിൽ യാതൊരു നിയന്ത്രണവും നൽകുന്നില്ലെന്ന് മോസില്ല കണ്ടെത്തി. ഫ്രഞ്ച് കമ്പനികളായ റെനോ, ഡാസിയ ബ്രാൻഡുകൾ മാത്രമാണ് ഉപയോക്താക്കൾക്ക് കാറിലെ വിവരങ്ങൾ ഇല്ലാതാക്കാനുള്ള അവകാശം നൽകുന്നത്. ഫോർഡ്, ഷെവർലെ, ടൊയോട്ട, ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു എന്നിവ ഉൾപ്പെടെയുളള കാർ ബ്രാൻഡുകളൊന്നും ഏറ്റവും കുറഞ്ഞ സുരക്ഷാമാനദണ്ഡങ്ങൾ പോലും പാലിച്ചിട്ടില്ലെന്നും മോസില്ല പരാതിപ്പെട്ടു.