പെട്രോളിനും ഡീസലിനും ഗുഡ്‌ബൈ; വരാനിരിക്കുന്നത് ഹരിത ഇന്ധന വാണിജ്യ വാഹനങ്ങള്‍
പുകതുപ്പുന്ന കൂറ്റന്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും ബൈ ബൈ പറയാന്‍ സമയമായി. ഇന്ത്യന്‍ വാഹന വിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന് ഉറപ്പിച്ചുകഴിഞ്ഞു. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെ ഒഴിവാക്കി ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും ബൈക്കുകളും വിപണിയില്‍ അരങ്ങുതകര്‍ക്കുമ്പോഴാണ് ഹരിത ഇന്ധന വാണിജ്യ വാഹനങ്ങളെക്കൂടി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ, അശോക് ലെയ്‌ലന്‍ഡ്, ഐഷര്‍, ജെബിഎം തുടങ്ങിയ വാഹന നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത സെഗ്മെന്റുകളില്‍ ഹരിത ഇന്ധന വാണിജ്യ വാഹനങ്ങള്‍ അവതരിപ്പിച്ചു
വിവിധ കമ്പനികളാണ് ഓട്ടോ എക്‌സ്‌പോയില്‍ ഹരിത ഇന്ധന വാഹനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്കിന് പുറമേ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, സിഎന്‍ജി, എല്‍എന്‍ജി, വാഹനങ്ങളെയും അവതരിപ്പിച്ച് ഇന്ത്യന്‍ വാഹന വിപണിയെ 'നെക്സ്റ്റ് ലെവല്‍' ആക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍. അശോക് ലെയ്‌ലന്‍ഡ്, ഐഷര്‍, ജെബിഎം എന്നീ വാഹനനിര്‍മാണ കമ്പനികള്‍ ഹരിത ഇന്ധന വാണിജ്യ വാഹനങ്ങളെ എക്‌സ്‌പോയില്‍ പ്രദര്‍ശിച്ചു.
വിവിധ സെഗ്മെന്റിലുള്ള 14ഹരിത ഇന്ധന വാഹനങ്ങളാണ് ടാറ്റ പവലിയനില്‍ അണിനിരത്തിയത്. ഹെഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രക്കായ പ്രൈമയ്ക്ക് വലിയ സ്വീകാര്യതയാണ് എക്‌സ്‌പോയില്‍ ലഭിച്ചത്. എച്ച്5 ട്രക്കിന് പുറമേ സിഎന്‍ജിയിലും, ഇരട്ട ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യോദ്ധ, ഇന്‍ട്ര പിക്കപ്പുകളും ടാറ്റാ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വാണിജ്യവാഹനങ്ങളില്‍ മാജിക്ക് ഇ വി, സ്റ്റാര്‍ബസ് ഇ വി, എയ്‌സ് ഇ വി, എന്നിവയും ടാറ്റയുടെ പവലിയനില്‍ ശ്രദ്ധയാര്‍ജിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ഹെവി ഡ്യൂട്ടി ടിപ്പറായ പ്രൈമ ജി.35യെയും ടാറ്റ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാണിജ്യവാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്‍ഡും ഹരിത ഇന്ധനങ്ങളുപയോഗിക്കാനാകുന്ന വാണിജ്യവാഹനങ്ങള്‍ അവതരിപ്പിച്ച് ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചു. സിഎന്‍ജി ബസ്, എല്‍എന്‍ജി, ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവ കമ്പനിയുടെ ലൈനപ്പില്‍ ഭാവിയില്‍ നിരത്തുകളുലേക്കെത്തും. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഐസി(ആന്തരിക ജ്വലന)എന്‍ജിനുള്ള വാഹനവും കമ്പനി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.
കൂട്ടത്തില്‍ ഏറ്റവും ആധുനികമായ വാഹനം സിഎന്‍ജി ബസ് തന്നെയായിരുന്നു. 13.5 മീറ്റര്‍ നീളവും എയര്‍ സസ്‌പെന്‍ഷനുകളുമുള്ള വാഹനം ആധുനികവും ആഢംബര പൂര്‍ണവുമാണ്.
ഐഷര്‍-വോള്‍വോ കൂട്ടുകെട്ടില്‍ പിറന്ന പ്രോ 3015 ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രക്കായിരുന്നു ഐഷറിന്റെ പവലിയനിലെ താരം. ഐഷര്‍ പ്രോ 2049 ഇലക്ട്രിക് ട്രക്ക്, ഐഷര്‍ പ്രോ 8055 എല്‍എന്‍ജി, സിഎന്‍ജി ട്രക്കുകള്‍ എന്നിവയായിരുന്നു ഓട്ടോ എക്‌സ്‌പോയില്‍ ഐഷറിന്റെ സംഭാവന.
ഇന്ത്യയില്‍ തദ്ദേശീയമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ഇലക്ട്രിക് ലക്ഷ്വറി ബസ് ആയിരുന്നു ജെബിഎം ഓട്ടോയുടെ പ്രധാന ആകര്‍ഷണം. സിറ്റി, സ്റ്റാഫ്, സ്‌കൂള്‍ ബസുകളുടെ ശ്രേണിയും കമ്പനി അവതരിപ്പിച്ചിരുന്നു.