ടിയാഗോ ഇവിയുടെ എതിരാളി; ഇ-സി3യെ ഇന്ത്യയില്‍ അവതരിപ്പിച്ച് സിട്രോണ്‍
വിവിധ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. കൂടുതല്‍ ഡ്രൈവിങ് റേഞ്ചും ഫീച്ചറുകളുമായി മികച്ച വാഹനങ്ങളെ നിരത്തിലെത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ മത്സരത്തിലേക്കാണ് സി3യുടെ ഇലക്ട്രിക് പതിപ്പായ ഇ-സി3യെ ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ സിട്രോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോള്‍ മോഡലിന് സമാനമായ ഡിസൈനാണ് ഇലക്ട്രിക്ക് പതിപ്പായ ഇ സി3ക്കും നല്‍കിയിട്ടുള്ളത്. ഇന്റീരിയറിനും ബോഡി പാനലുകള്‍ക്കും കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് വാഹനത്തെ സിട്രോണ്‍ ഒരുക്കിയത്. വാഹനത്തിന്റെ പുറത്തെ 'ഇ' എന്ന എഴുത്ത് മാത്രമാണ് ഇലക്ട്രിക് വാഹനമാണ് ഇതെന്ന് വ്യക്തമാക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വ്യത്യസ്തമായ ബോഡി കളറുകളുമാണ് കാഴ്ചയില്‍ ഇ സി3യെയും വേറിട്ടു നിര്‍ത്തുന്നത്.
മികച്ച ലെഗ്-ഹെഡ് സ്‌പെയ്‌സുള്ള വാഹനത്തിന് സ്‌പെയര്‍ ടയര്‍ നല്‍കിയിട്ടുപോലും 315 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്
വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, അപ്പിള്‍ കാര്‍ പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യന്ന 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മികച്ച യാത്രാസുഖമുള്ള ഫാബ്രിക്ക് സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിലെ വിശേഷങ്ങള്‍. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടനുകള്‍ എന്നിവ ഇലക്ട്രിക് മോഡലിലും നല്‍കിയിട്ടില്ല എന്നത് പോരായ്മയായി എടുത്തുപറയാം.
മികച്ച ഇന്റീരിയര്‍ വിശാലത തന്നെയായിരുന്നു സി3യുടെ 'ഹൈലൈറ്റ്'.ഇലക്ട്രിക്ക് പതിപ്പിനും ഉള്‍വശത്ത് അത്രയും തന്നെ സ്ഥലസൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. മികച്ച ലെഗ്-ഹെഡ് സ്‌പെയ്‌സുള്ള വാഹനത്തിന് സ്‌പെയര്‍ടയര്‍ നല്‍കിയിട്ടുപോലും 315 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.
ജനുവരി 22 മുതല്‍ ഇ-സി3യുടെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിക്കും. 29.2 kWh ബാറ്ററി പാക്കാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വീടുകളിലെ 15അംപിയര്‍ സോക്കറ്റിലൂടെ 10.5 മണിക്കൂര്‍ സമയമെടുക്കും വാഹനം മുഴുവന്‍ ചാര്‍ജാകാന്‍. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആകാന്‍ 57 മിനിറ്റ് മാത്രം മതി വാഹനത്തിന്.7വര്‍ഷം അല്ലെങ്കില്‍ 1.4 ലക്ഷം കിലോമീറ്ററാണ് ബാറ്ററി വാറന്റി
6.8 സെക്കന്‍ഡ് കൊണ്ട് 0ല്‍ നിന്ന് 60കിലോമീറ്റര്‍ വേഗത്തിലെത്തുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 107 കിലോമീറ്ററാണ്
57 എച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.5വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റിയും കമ്പനി ഇലക്ട്രിക്ക് മോട്ടോറിന് നല്‍കുന്നുണ്ട്. എആര്‍എഐ കണക്കുകള്‍ പ്രകാരം ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സി3 ഇലക്ട്രിക് സഞ്ചരിക്കും ഇ-സി3.
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ടിയാഗോ ഇവിയെക്കാല്‍ കുറച്ചു പിന്നിലായാണ് ഇ-സി3യുടെ സ്ഥാനം. 6.8 സെക്കന്‍ഡ് കൊണ്ട് 0ല്‍ നിന്ന് 60കിലോമീറ്റര്‍ വേഗത്തിലെത്തുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 107 കിലോമീറ്ററാണ്. വാഹനത്തിന്റെ വിലവിവരങ്ങള്‍ കമ്പനി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാലും 9ലക്ഷത്തിനടുത്തായി വില പ്രഖ്യാപിക്കുകയാണെങ്കില്‍ ടിയാഗോ ഇവിക്ക് വെല്ലുവിളിയാകും ഇ-സി3 .