എൻഫീൽഡിനോട് ഏറ്റുമുട്ടാൻ ട്രയംഫിന്റെ ഇരട്ടകൾ; സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x യുകെയിൽ അവതരിപ്പിച്ചു

എൻഫീൽഡിനോട് ഏറ്റുമുട്ടാൻ ട്രയംഫിന്റെ ഇരട്ടകൾ; സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x യുകെയിൽ അവതരിപ്പിച്ചു

മോട്ടോർ സൈക്കിളുകൾ ജൂലൈ അഞ്ചിന് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്
Updated on
2 min read

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് ഇന്ത്യയിലെ ലക്ഷ്വറി ബൈക്ക് വിപണിയെ പിടിച്ചെടുക്കാനെത്തുന്നുവെന്ന റിപ്പോ‍ർട്ടുകൾ ഒരുപാട് നാളായി വരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ബജാജിന്റെ സഹകരണത്തോടെ ട്രയംഫ് നിർമിക്കുന്ന രണ്ട് 400 സിസി ട്വിൻ മോഡലുകളെ കമ്പനി ഇന്നലെ യുകെയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ രണ്ട് മോഡലുകളാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ബജാജിന്റെ പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇത്.

രണ്ട് മോട്ടോർസൈക്കിളുകളിലും പുതിയ 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 8,000 rpmല്‍ 39.5 ബിഎച്ച്പി പവറും 6,500 rpmല്‍ 37.5 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. ഒരു X-റിങ് ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. പുതിയ TR-സിരീസ് എഞ്ചിനാണ് ട്രയംഫിന്റെ പുത്തൻ 400 ട്വിൻസിന് തുടിപ്പേകുന്നത്.

നീളമേറിയ മുൻ മഡ്ഗാർഡ്, ഹാൻഡ്‌ഗാർഡുകൾ, ഹാൻഡിൽബാർ ബ്രേസ് എന്നിവയ്‌ക്കൊപ്പം സംപ്, റേഡിയേറ്റർ, ഹെഡ്‌ലാമ്പ് എന്നിവയ്‌ക്കുള്ള സംരക്ഷണത്തോടെയാണ് സ്‌ക്രാംബ്ലർ 400 X വരുന്നത്. ഫിൻഡ് സിലിണ്ടർ ഹെഡും പരമ്പരാഗത എക്‌സ്‌ഹോസ്റ്റ് ഹെഡർ ക്ലാമ്പുകളും ഉള്ള സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളുകളുടെ ക്ലാസിക് പ്രൊഫൈലാണ് സ്പീഡ് 400 അവതരിപ്പിക്കുന്നത്. ഒരു പാർട്ട്-ഡിജിറ്റൽ, പാർട്ട്-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ മോട്ടോർസൈക്കിളുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ അനലോഗ് സ്പീഡോമീറ്റർ ഉൾക്കൊള്ളുന്നതാണിത്. കൂടാതെ ഡിജിറ്റൽ സ്പീഡോ, ടാക്കോ, ഫ്യൂവൽ ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയുമടങ്ങുന്ന ഒരു ചെറിയ സ്‌ക്രീനുമുണ്ട്.

സ്പീഡ് 400-ന്റെ സീറ്റ് 790 എംഎം ഉയരമുണ്ട്. അതേസമയം സ്ക്രാമ്പ്ളർ എക്സിന്റെ സീറ്റ് ഉയരം 835 എംഎം ആയി സജ്ജീകരിച്ചിരിക്കുന്നു. സസ്‌പെന്‍ഷന്‍ ക്രമീകരണങ്ങളിൽ മുന്നില്‍ 43 എംഎം അപ്‌സഡൈ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്നില്‍ എക്സ്റ്റേണല്‍ റിസര്‍വോയറുള്ള ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് രണ്ട് മോട്ടോര്‍സൈക്കിളുകളിലുമുള്ളത്. അതേസമയം, രണ്ട് മോഡലുകളിലും മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ ട്രാവല്‍ തികച്ചും വ്യത്യസ്തമായിരിക്കും. സ്പീഡ് 400-ന് മുന്നില്‍ 140 മില്ലീമീറ്ററും പിന്നില്‍ 130 മില്ലീമീറ്ററും സസ്‌പെന്‍ഷന്‍ ട്രാവലുമാണുള്ളത്. സ്‌ക്രാമ്പ്‌ളര്‍ 400 എക്സിന് മുന്നില്‍ 10 എംഎമ്മും, പിന്നില്‍ 20എംഎം സസ്‌പെന്‍ഷന്‍ ട്രാവല്‍ കൂടുതലാണ്.

ഇന്ത്യയിലെ മിഡ് കപാസിറ്റി മോട്ടോർ സൈക്കിൾ സെ​ഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ സമ​ഗ്രാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ട്രയംഫ് നടന്നടുക്കുന്നത്. ഡൊമിനാറിലൂടെ പാളിയത് ട്രയംഫിലൂടെ നേടിയെടുക്കുകയാണ് ബജാജിന്റെയും ലക്ഷ്യം. ഇന്ത്യയിൽ കവസാക്കിനെയും കെടിഎമ്മിനേയും ഹസ്ഖ് വർണയെയുമെല്ലാം വളർത്തിയെടുത്ത പാരമ്പര്യമുള്ള ബജാജ് ട്രയംഫിനേയും ഹിറ്റാക്കുമെന്നാണ് പ്രതീക്ഷ. ‍‌‌‌

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ രണ്ട് മോട്ടോർസൈക്കിളുകളും എൽസിഡി സ്‌ക്രീനുമായി ജോടിയാക്കിയ അനലോഗ് സ്പീഡോമീറ്ററുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ എൽഇഡി ലൈറ്റിങ്, ഡ്യുവൽ-ചാനൽ എബിഎസ്, റൈഡ്-ബൈ-വയർ, ഇമോബിലൈസർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതയും പുതിയ ട്രയംഫ് 400 ട്വിൻസിന്റെ ഭാഗമാണ്. ഇതുകൂടാതെ സ്‌ക്രാംബ്ലർ 400 എക്സ് പതിപ്പിൽ സ്വിച്ചബിൾ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻഫീൽഡിനോട് ഏറ്റുമുട്ടാൻ ട്രയംഫിന്റെ ഇരട്ടകൾ; സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x യുകെയിൽ അവതരിപ്പിച്ചു
'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'; മൂന്ന് കോടി വില്പനയെന്ന അപൂർവ നേട്ടം കൈവരിച്ച് ഹോണ്ട ആക്ടിവ

ട്രയംഫ് സ്പീഡ് 400 ഒരു നിയോ റെട്രോ ശൈലി പിന്തുടരുന്ന റോഡ്സ്റ്റർ മോഡലായാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതേസമയം മറുവശത്ത് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്‌ക്രാംബ്ലര്‍ 400എക്സ് ഡ്യുവൽ പർപ്പസ് ഉപയോഗങ്ങൾക്കായുള്ള സ്ക്രാംബ്ലർ ബൈക്കാണ്. ഓഫ് റോഡിലും ഓൺ റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവയ്ക്കാൻ ഇവയ്ക്കാവും. ട്രയംഫ് സ്പീഡ് 400 ബൈക്കിന് വെറും 170 കിലോഗ്രാമാണ് ഭാരം. അതേസമയം സ്‌ക്രാംബ്ലര്‍ 400 എക്സിന് ഇതിനേക്കാള്‍ 9 കിലോഗ്രാം അധികം ഭാരമുണ്ട്. വിലയിലൂടെ സാധാരണക്കാരനെ ആകർഷിക്കുകയെന്നതാണ് ട്രയംഫിന്റെ പ്രധാന ലക്ഷ്യം. സ്പീഡ് 400 3 ലക്ഷം രൂപയിൽ താഴെ വരുമെന്നാണ് പ്രതീക്ഷ. എന്നാൽ സ്‌ക്രാമ്പ്‌ളർ 400 എക്‌സിന് വില അൽപ്പം കൂടാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in