ഓയില്‍ പമ്പില്‍ തീപിടുത്ത സാധ്യത; 92000 ഹ്യൂണ്ടായി, കിയ വാഹനങ്ങളെ തിരിച്ച് വിളിക്കുന്നു
ഹ്യൂണ്ടായി, കിയ വാഹനങ്ങളെ തിരിച്ച് വിളിക്കുന്നു. തീപിടുത്ത സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലെ പുതിയ 92000 വാഹനങ്ങളെയാണ് കമ്പനികള്‍ തിരിച്ച് വിളിക്കുന്നത്. ഏകദേശം 52,000 ഹ്യുണ്ടായ് വാഹനങ്ങളും 40,000 കിയ വാഹനങ്ങളും തിരിച്ചു വിളിക്കുന്നതായാണ് റോയിട്ടർ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹ്യുണ്ടായ് 2023-2024 പാലിസേഡ്, 2023 ടക്സണ്‍, സൊണാറ്റ, എലാന്‍ട്ര, കോന എന്നീ വാഹനങ്ങളും 2023-2024 സെല്‍റ്റോസും 2023 കിയ സോള്‍, സ്പോര്‍ട്ടേജ് എന്നീ മോഡല്‍ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഓയില്‍ പമ്പിന്റെ ഇലക്ട്രോണിക് കണ്‍ട്രോളറുകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. കേടായ ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ അമിതമായി ചൂടാകാന്‍ ഇടയാക്കും. സെപ്റ്റംബര്‍ അവസാനത്തോടെ ഉടമകളെ ഇക്കാര്യങ്ങള്‍ അറിയിക്കും, ഡീലര്‍മാര്‍ ഓയില്‍ പമ്പ് കണ്‍ട്രോളര്‍ പരിശോധിച്ച് ആവശ്യാനുസരണം മാറ്റിസ്ഥാപിക്കണം.
ഓയില്‍ പമ്പില്‍ ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് ആറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ അപകടങ്ങളോ പരിക്കുകളോ ഇല്ലെന്നും ഹ്യൂണ്ടായിക്ക് സമാനമായ നാല് റിപ്പോര്‍ട്ടുകളുണ്ടെന്നും കിയ വ്യക്തമാക്കി. പ്രശ്‌നം കണ്ടെത്തിയ വാഹനത്തിന്റെ ഭാഗം ഉത്പാദിപ്പിക്കുന്നത് നിര്‍ത്തിയതായി നാഷണല്‍ ഹൈവെ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനെ കമ്പനികള്‍ അറിയിച്ചു.
തീപിടുത്തത്തിന് പുറമേ ചൂട് ,കേടുപാടുകൾക്കും മറ്റ് ഓണ്‍ബോര്‍ഡ് വെഹിക്കിള്‍ കണ്‍ട്രോളറുകളെ ബാധിക്കുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകുമെന്ന് ഹ്യുണ്ടായ് പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍, റീകോള്‍ പരിഹാരങ്ങള്‍ ലഭ്യമാകുന്നത് വരെ ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്ക് വാടക വാഹനങ്ങള്‍ നല്‍കണമെന്ന് ഹ്യൂണ്ടായ് ഡീലര്‍മാരെ അറിയിച്ചിട്ടുണ്ട്.
ഡിസംബറില്‍ ഇലക്ട്രിക് ഓയില്‍ പമ്പിന്റെ വയര്‍ ഹാര്‍നെസ്/കണക്ടര്‍ ചൂടായി വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി അതുമായി ബന്ധപ്പെട്ട് അന്വേഷണം പുനഃരാരംഭിക്കുന്നത്. ജൂണ്‍ മുതലാണ് കിയയില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്.