സാമ്പത്തിക പ്രതിസന്ധി; 3,800 ജീവനക്കാരെ പിരിച്ചുവിടാൻ ഫോർഡ്

സാമ്പത്തിക പ്രതിസന്ധി; 3,800 ജീവനക്കാരെ പിരിച്ചുവിടാൻ ഫോർഡ്

ജർമനിയിൽ മാത്രം 2300 പേരെയാണ് പിരിച്ചുവിടുന്നത്
Updated on
1 min read

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് വീണ്ടും കൂട്ട പിരിച്ചു വിടലിനൊരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യൂറോപ്പിൽ 3,800 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ഇലക്ട്രിക്ക് വാഹനങ്ങളിൽ ഉണ്ടായ വളർച്ച കമ്പനിയെ ബാധിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ജർമനിയിൽ മാത്രം 2300 പേരെയാണ് പിരിച്ചുവിടുന്നത്. ബ്രിട്ടനിൽ 1,300 പേരും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ 200 പേരെ എന്നിങ്ങനെയാണ് പിരിച്ചുവിടുക.

2025ഓടെ എൻജിനീയറിങ് മേഖലയിലെ 2800 ജോലികൾ വെട്ടിക്കുറയ്ക്കാനാണ് ഫോർഡ് ലക്ഷ്യമിടുന്നത്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ 1,000 തൊഴിലവസരങ്ങളും വെട്ടിക്കുറയ്ക്കും. വളരെ ബുദ്ധിമുട്ടുള്ള തീരുമാനം ആയിരുന്നു ഇതെന്നും പുതിയ തീരുമാനം ടീമിന് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഞങ്ങൾ തിരിച്ചറിയുന്നുവെന്നും യൂറോപ്പിലെ ഫോർഡ് മോഡൽ ഇയുടെ ജനറൽ മാനേജർ മാർട്ടിൻ സാൻഡർ പറഞ്ഞു. യുഎസ് ഓട്ടോ ഭീമൻ കഴിഞ്ഞ വർഷം അമേരിക്കയിലും ഇന്ത്യയിലും ആയിരക്കണക്കിന് പേരെ പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ വർഷം 2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഫോർഡിനുണ്ടായത്. എതിരാളികളെപ്പോലെ, ഫോർഡും ഇലക്ട്രിക് വാഹനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുകയും എഫ്-സീരീസ് പിക്കപ്പ് ട്രക്ക് പോലെയുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോകളുടെ എമിഷൻ-ഫ്രീ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. 2035ഓടെ യൂറോപ്പിൽ വാഹനങ്ങൾ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറ്റുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു.

logo
The Fourth
www.thefourthnews.in