പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കാനായി പെട്രോള്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 2035-ഓടെ പെട്രോള്‍ വാഹനങ്ങള്‍ കാലിഫോര്‍ണിയന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകും. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ ലോകത്തിലെ ഏറ്റവും സമ്പന്ന സംസ്ഥാനം കൂടിയാണ്. ഇവിടെ പദ്ധതി അവതരിപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി 2030 ഓടെ 68 ശതമാനം പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകും. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം 2020-ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ട കാലാവസ്ഥാ നിയമത്തെ തുടര്‍ന്നാണ് കാലിഫോര്‍ണിയയിലെ പുതിയ നയം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ച ക്ലീന്‍ എനര്‍ജി പ്രോഗ്രാമുകള്‍ക്കായി 370 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ തീരുമാനമായിരുന്നു. 2030 ഓടെ മലിനീകരണതോത് 40 ശതമാനം കുറയ്ക്കാനാണ് ഈ നിയമനിര്‍മ്മാണത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ് പുറപ്പെടുവിച്ച നിയമ പ്രകാരം 2026-ഓടെ കാലിഫോര്‍ണിയയില്‍ വില്‍ക്കുന്ന പുതിയ പാസഞ്ചര്‍ കാറുകള്‍ 35 ശതമാനം സീറോ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും 2035-ഓടെ സംസ്ഥാനത്ത് വില്‍ക്കുന്ന എല്ലാ പുതിയ കാറുകളും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉള്‍പ്പടെയുള്ള ഹരിതഗൃഹ വാതക ബഹിർഗമനം ഒഴിവാക്കുകയും ചെയ്യണം. 2026-ഓടെ സംസ്ഥാനത്ത് വില്‍ക്കുന്ന പുതിയ കാറുകള്‍ 35% ഇലക്ട്രിക്, ഹൈബ്രിഡ് അല്ലെങ്കില്‍ ഹൈഡ്രജന്‍ ഉപയോഗിച്ചായിരിക്കണം. 2035 മുതല്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ മാത്രമാകും കാലിഫോര്‍ണിയയില്‍ വില്‍ക്കുക.
പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ 2040 ഓടെ കാലിഫോര്‍ണിയയില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളല്‍ 50 ശതമാനത്തിലധികം കുറയുമെന്ന് റെഗുലേറ്റര്‍മാര്‍ പറയുന്നു. 395 ദശലക്ഷം മെട്രിക് ടണ്‍ ഹരിതഗൃഹ വാതക ബഹിർഗമനം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ കുറവ്. അതായത് 915 ദശലക്ഷം ബാരല്‍ എണ്ണയുടെ ജ്വലനത്തിന് തുല്യമാണെന്ന് കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ് (CARB) ചെയര്‍പേഴ്സണ്‍ ലിയാന്‍ റാന്‍ഡോള്‍ഫ് പറഞ്ഞു.ഈ നീക്കം കാലിഫോര്‍ണിയക്കും മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കും ലോകത്തിനും ചരിത്ര നിമിഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
39 മില്ല്യണിലധികം താമസക്കാരുള്ള കാലിഫോര്‍ണിയ യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. കാലിഫോര്‍ണിയ സ്വാധീനം ചെലുത്തുന്ന ചെറുതും വലുതുമായ 16 സംസ്ഥാനങ്ങളിലേക്കും പുതിയ നിയമങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആ സംസ്ഥാനങ്ങള്‍ കൂടി സമാനമായ നിയമങ്ങള്‍ സ്വീകരിച്ചാല്‍, അമേരിക്കന്‍ വാഹന വിപണിയുടെ മൂന്നിലൊന്ന് ഭാഗത്തെ നിയന്ത്രണങ്ങള്‍ പ്രതികൂലമായി ബാധിക്കും.
കാലിഫോര്‍ണിയയുടെ സ്വതന്ത്രമായ നീക്കത്തിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു
എന്നാല്‍ യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിനേക്കാള്‍ വേഗത്തില്‍ എമിഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള കാലിഫോര്‍ണിയയുടെ പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ഓട്ടോമൊബൈല്‍ മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച കാലിഫോര്‍ണിയയുടെ സ്വതന്ത്രമായ നീക്കത്തിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. കൂടാതെ, കാലിഫോര്‍ണിയക്ക് സ്വന്തമായി മലിനീകരണ നിയമങ്ങള്‍ സ്ഥാപിക്കാനാവുമോ എന്നത് ചോദ്യം ചെയ്തുകൊണ്ട് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം അറ്റോര്‍ണി ജനറല്‍മാർ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ 2050ഓടെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ പുതിയ നിയമങ്ങള്‍ മാത്രം മതിയാകില്ലെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ ഫലങ്ങള്‍ ഒഴിവാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളുടെ സഹകരണം കൂടി അനിവാര്യമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ നിലപാട്