ബിഎസ്-VI പെട്രോൾ, ഡീസൽ വാഹനങ്ങളിൽ സിഎൻജി, എൽപിജി കിറ്റുകൾ ക്രമീകരിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ

ബിഎസ്-VI പെട്രോൾ, ഡീസൽ വാഹനങ്ങളിൽ സിഎൻജി, എൽപിജി കിറ്റുകൾ ക്രമീകരിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ

നിലവിൽ ബിഎസ്-IV വാഹനങ്ങളിൽ മാത്രമേ ഇത്തരം ക്രമീകരണങ്ങൾക്ക് അനുമതിയുള്ളു
Updated on
1 min read

ബിഎസ്-VI(ഭാരത് സ്റ്റേജ് 6) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളിൽ സിഎൻജി, എൽപിജി കിറ്റുകൾ ക്രമീകരിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. നിലവിൽ, ബിഎസ്-IV എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളിൽ മാത്രമേ ഇത്തരം മോഡിഫിക്കേഷന് അനുമതി നൽകിയിരുന്നുള്ളൂ. ഡൽഹി ഉൾപ്പടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർധിച്ചു വരുന്ന മലിനീകരണം കണക്കിലെടുത്താണ് പെട്രോൾ ഡീസൽ വാഹനങ്ങൾക്കായി ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ 2020ൽ പുറത്തിറക്കിയത്.

ഉപരതല ഗതാഗത വകുപ്പിന്റെ പുതിയ വിജ്ഞാപന പ്രകാരം ബിഎസ് (ഭാരത് സ്റ്റേജ്)-VI പെട്രോൾ വാഹനങ്ങളിലെ സിഎൻജി, എൽപിജി കിറ്റുകൾ പുനഃക്രമീകരിക്കാനും 3.5 ടണ്ണിൽ താഴെയുള്ള ബിഎസ്-VI ഡീസൽ എൻജിൻ വാഹനങ്ങളിൽ സിഎൻജി/എൽപിജി കിറ്റുകൾ ഉപയോഗിക്കാനുമുള്ള അനുമതി നൽകിയിട്ടുണ്ട്.

സിഎൻജി പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്നും പെട്രോൾ, ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ, കണികകൾ, പുക എന്നിവയുടെ പുറന്തള്ളൽ അളവ് കുറയ്ക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. നിലവിൽ മാരുതി, ഹ്യുണ്ടായി തുടങ്ങിയ വാഹന നിർമ്മാണ കമ്പനികളുടെ ചില മോഡലുകളിൽ പെട്രോളിനൊപ്പം സിഎൻജി ഉപയോഗിച്ചും പ്രവർത്തിക്കുന്ന എഞ്ചിനുകൾ കമ്പനി തന്നെ നൽകിയിട്ടുണ്ട്. അവയ്ക്കു പുറമെ വാഹനങ്ങളിൽ സിഎൻജി, എൽപിജി കിറ്റുകൾ മാറ്റി സ്ഥാപിച്ചു നൽകുന്ന സ്വകാര്യ ഏജൻസികളും രാജ്യത്തുണ്ട്. ഡീസലിനേയും പെട്രോളിനെയും അപേക്ഷിച്ച് വില കുറവും, ഉയർന്ന ഇന്ധനക്ഷമതയുമാണ് സി എൻ ജി യുടെ സവിശേഷത.

logo
The Fourth
www.thefourthnews.in