ചരിത്രത്തിലാദ്യം; ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഹോണ്ട

ചരിത്രത്തിലാദ്യം; ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഹോണ്ട

2011 മാര്‍ച്ചിലാണ് ഇരുകമ്പനികളും 26 വര്‍ഷത്തെ പങ്കാളിത്തം അവസാനിപ്പിച്ചത്
Updated on
1 min read

2022ലെ ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന കണക്കില്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം കഴിഞ്ഞ മാസം 2.5 ലക്ഷം വാഹനങ്ങള്‍ ഹീറോ പുറത്തിറക്കിയപ്പോള്‍ 2.85ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തിലിറക്കിയത്.

ആദ്യമായാണ് ഹീറോയെക്കാള്‍ വില്‍പ്പന ഹോണ്ട സ്വന്തമാക്കുന്നത്. 26 വര്‍ഷത്തെ പങ്കാളിത്തം അവസാനിപ്പിച്ച് 2011 മാര്‍ച്ചിലാണ് ഇരുകമ്പനികളും പ്രത്യേകമായി വാഹന നിര്‍മാണം ആരംഭിച്ചത്. ഹീറോ ഹോണ്ട മോട്ടോഴ്‌സ് എന്ന പേര് മാറ്റി ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് എന്ന പേരില്‍ നിലവിലുണ്ടായിരുന്ന മോഡലുകളെ ഹീറോ നിരത്തിലിറക്കുകയായിരുന്നു. പുതിയ എന്‍ജിനുകളും സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഹോണ്ട പുതിയ വാഹനങ്ങളും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗിയര്‍ലെസ് സ്‌കൂട്ടര്‍ പുറത്തിറക്കിയപ്പോള്‍ ഹോണ്ടയ്ക്ക് ലഭിച്ച സ്വീകാര്യത പിന്‍വര്‍ഷങ്ങളിലും തുടരുകയായിരുന്നു. സെപ്റ്റംബറില്‍ മാത്രം 5,19,980 വാഹനങ്ങള്‍ വിറ്റഴിച്ചുവെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.

എന്നാല്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെറോ മോട്ടോര്‍സൈക്കിള്‍സുമായി ചേര്‍ന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഹീറോ-സെറോ പങ്കാളിത്തത്തില്‍ വിദ എന്ന ഇലക്ട്രിക് വാഹനം ഉടന്‍ ഇന്ത്യയിലേക്കെത്തും.

logo
The Fourth
www.thefourthnews.in