ഒരു മാരക റീഎന്‍ട്രി; 1.5 ലിറ്റര്‍ ടർബോ പെട്രോൾ പതിപ്പുമായി അൽകസാർ
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് അൽകസാർ എസ്‌യുവിയുടെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ഹ്യുണ്ടായ് അൽകസാർ പുറത്തിറങ്ങിയിരിക്കുന്നത്. ക്രെറ്റ ഫെയ്സ് ലിഫ്റ്റിനു പിന്നാലെ തന്നെ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ച വാഹനത്തിന് കാര്യമായ വില്‍പന നേടാനായില്ല. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം(ഒ), സിഗ്നേച്ചർ(ഒ) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് അൽകസാർ 1.5 ടർബോ ലഭ്യമാകുക. 16.74ലക്ഷം രൂപ മുതൽ 20.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അൽകസാർ 1.5 ലിറ്റർ ടർബോയുടെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചു.
2.0 ലിറ്റർ പെട്രോൾ എഞ്ചിന് പകരമായാണ് പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വരുന്നത്.പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 160 എച്ച്പി കരുത്തും 253 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. അതേസമയം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, മാർച്ച് 21 ന് വിപണിയിലെത്തുന്ന പുതിയ വെർണയിലും ക്രെറ്റ എസ്‌യുവിയിലും സെൽറ്റോസ്, കാരൻസ് എന്നിവയുൾപ്പെടെയുളള കിയയുടെ ലൈനപ്പിലും കാണപ്പെടും. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ എന്നിങ്ങനെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായാണ് പുത്തന്‍ അൽകസാർ വിപണിയിലെത്തുന്നത്.
16.74 ലക്ഷം രൂപ വിലയുള്ള എൻട്രി ലെവൽ പ്രസ്റ്റീജിൽ തുടങ്ങി നാല് വേരിയന്റുകളിലായാണ് അൽകാസർ 1.5 ടർബോ അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് സീറ്റ് കോൺഫിഗറേഷനോട് കൂടിയ അൽകാസർ പ്ലാറ്റിനത്തിന് 18.65 ലക്ഷം രൂപയാണ് വില. ഈ രണ്ട് വേരിയന്റുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. ഉയർന്ന സ്‌പെക്ക് പ്ലാറ്റിനം (O), സിഗ്നേച്ചർ (O) എന്നിവ ആറ് സീറ്റുകളുള്ള ലേഔട്ടുകളോടെയും സ്റ്റാൻഡേർഡ് 7-സ്പീഡ് DCT ഗിയർബോക്‌സോടെയുമാണ് വരുന്നത്. ഇതിന്റെ വില യഥാക്രമം 19.96 ലക്ഷം രൂപയും 20.25 ലക്ഷം രൂപയുമാണ്.
അൽകാസർ 1.5 ടർബോ പെട്രോളിന് ഐഡില്‍ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതിക വിദ്യയും ലഭിക്കുന്നു. ഹ്യൂണ്ടായ് പറയുന്നതനുസരിച്ച്, ഡിസിടി ഗിയര്‍ബോക്സുള്ള മോഡലിന് ലിറ്ററിന് 18കിലോമീറ്ററും മാനുവൽ ഗിയർബോക്‌സ് ഓപ്ഷന് ലിറ്ററിന്17.5 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി), എല്ലാ വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും പുതിയ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്.