ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി ഹ്യുണ്ടായ്, ലക്ഷ്യം 25,000 കോടി; എൽഐസിയെ പിന്നിലാക്കും
ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഇനിഷ്യൽ പബ്ലിക് ഓഫർ-ഐപിഒ)യ്ക്ക് ഒരുങ്ങി ദക്ഷിണ കൊറിയൻ വാഹനഭീമനായ ഹ്യുണ്ടായ്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകൾ കമ്പനി സെബിക്ക് സമർപ്പിച്ചതായാണ് വിവരം.
ഐപിഒയിലൂടെ 25,000 കോടി രൂപ (മൂന്നൂറ് കോടി യുഎസ് ഡോളർ) സ്വരൂപിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞാൽ ഐപിഒ വഴി സ്വരൂപിക്കുന്ന തുകയുടെ കാര്യത്തിൽ എൽഐസിയെ ഹ്യുണ്ടായ് മറികടക്കും. 2022ൽ 21,000 കോടി രൂപയാണ് ഐപിഒയിലൂടെ എൽഐസി നേടിയത്. അന്ന് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായിരുന്നു എൽഐസിയുടേത്.
17.5 ശതമാനം ഓഹരിയാണ് ഹ്യുണ്ടായ് ഇന്ത്യൻ ഓഹരി വിപണിയിൽ വിൽക്കാനൊരുങ്ങുന്നത്. ഐപിഒ സെപ്റ്റംബറോടെ നടക്കാനാണ് സാധ്യത. സെപ്റ്റംബറിലോ ഒക്‌ടോബറിലോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
11 വർഷത്തിനുശേഷാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു വാഹന നിർമാതാവ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് ഇതിനുമുൻപ് ഐപിഒ നടത്തിയത്. 2003 ജൂണിൽ 993.35 കോടി രൂപയുടെതായിരുന്നു ആ ഐപിഒ.
ഐ10, ഐ20, സാൻട്രോ, ക്രെറ്റ, വെന്യു, വെർണ തുടങ്ങിയ ഏറെ ജനകീയമായ കാറുകൾ അവതരിപ്പിച്ച ഹ്യുണ്ടായ്‌ക്ക് ഇന്ത്യൻ വാഹനവിപണിയിൽ മാരുതിക്കുപിന്നിൽ രണ്ടാമതാണ്. 15 ശതമാനം വിപണിവിഹിതമാണ് ഹ്യുണ്ടായ് കയ്യാളുന്നത്.
ഹ്യുണ്ടായി ഐപിഒ: പ്രധാനപ്പെട്ട 10 കാര്യങ്ങൾ
1. 17.5 ശതമാനം ഓഹരിയാണ് ഹ്യുണ്ടായ് ഇന്ത്യൻ ഓഹരി വിപണയിൽ വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഓഫർ ഫോർ സെയിലിലൂടെ 81,25,14,100 ഓഹരികളിലെ 14,21,94,700 ഓഹരിയാണ് കമ്പനി വിൽക്കാൻ ഉദ്ദേശിക്കുന്നത്
2. ഐപിഒയിൽ ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതിനു പുറമെ മറ്റു ഓഹരികളൊന്നും അവതരിപ്പിക്കുന്നില്ല
3. ഐപിഒയിലൂടെ ഏകദേശം 25,000 കോടി രൂപ (300 കോടി യുഎസ് ഡോളർ) സ്വരൂപിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ
4. ഇന്ത്യയിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഓഹരികളുടെ ആകെ മൂല്യം 1,50,390 കോടി രൂപ (1800 കോടി യുഎസ് ഡോളർ) ആണ്. ഈ ഐപിഒയിലൂടെ 3 ബില്യൺ അധികം ലഭിക്കുമെന്നതാണ് കണക്കുകൂട്ടൽ.
5. ഈ ഐപിഒ വിജയകരമായാൽ എൽഐസിയെ കടത്തിവെട്ടുന്ന നേട്ടമാകും ഹ്യുണ്ടായ് കൈവരിക്കുക. 2022ൽ നടന്ന ഐപിഒയിലൂടെ 21,000 കോടി രൂപയാണ് എൽഐസി അധികമായി നേടിയത്
6. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഒരു വാഹനിർമാണക്കമ്പനി ഇന്ത്യയിൽ ഓഹരി വിൽപ്പനയുമായി രംഗത്തെത്തുന്നത്. മാരുതി സുസുക്കിയാണ് അവസാനം ഐപിഒ നടത്തിയ കമ്പനി. 2003ൽ ആയിരുന്നു അത്
7. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്‌സ്, ജെപി മോർഗൻ ഇന്ത്യ, മോർഗൻ സ്റ്റാൻലി ഇന്ത്യ എന്നീ കമ്പനികൾക്കാണ് ഹ്യുണ്ടായ് ഐപിഒയുടെ ബുക്കിങ് നിയന്ത്രണ ചുമതല.
8. ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഇന്ത്യൻ വിപണയിൽ കൂടുതൽ സ്വീകാര്യതയുണ്ടാക്കാൻ സാധിക്കുമെന്നാണ് ഹ്യുണ്ടായ്‌യുടെ പ്രതീക്ഷ
9. ഹ്യുണ്ടായ് തങ്ങളുടെ ഓഫർ ഫോർ സയിലുമായി ബന്ധപ്പെട്ട് ഓഹരികൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടുന്ന 81 റിസ്ക് ഫാക്ടറുകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അതിൽ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളും ഉൾപ്പെടുന്നു
10. മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര എന്നീ ജനകീയ കാർ നിർമാതാക്കൾക്കുള്ള സ്വീകാര്യത ഈ ഐപിഒ കൂടിയോടുകൂടി തങ്ങൾക്കും ലഭിക്കുമെന്നാണ് ഹ്യുണ്ടായ്‌യുടെ പ്രതീക്ഷ
ഇന്ത്യൻ വിപണയിൽ ഹ്യുണ്ടായ്
1996ലാണ് ഹ്യുണ്ടായി ഇന്ത്യൻ വാഹനവിപണിയിലേക്കു കടന്നുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളാണ് ഇപ്പോൾ ഹ്യുണ്ടായി. മാരുതിയാണ് ഒന്നാമത്. ഇന്ത്യയിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നതിലും ഹ്യുണ്ടായ്‌യുടെ സ്ഥാനം മരുതിക്കു തൊട്ടുപിന്നിലാണ്.
ഈ വർഷം ഇന്ത്യയിൽ 614,717 യൂണിറ്റുകളാണ് ഹ്യുണ്ടായ്‌യുടെ വിൽപ്പന. ഇത് 2023നെ അപേക്ഷിച്ച് 8.31 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ്. 2023ൽ 567,546 യൂണിറ്റുകളായിരുന്നു വിറ്റത്. കയറ്റുമതിയുടെ കാര്യത്തിലും സമാനമായ വർധനവ് കാണാം. 2023ൽ 153,019 യൂണിറ്റാണ് കമ്പനി ഇന്ത്യയിൽ നിർമിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. അത് 2024ലേക്കെത്തുമ്പോഴേക്കും 6.62 ശതമാനം വർധിച്ച് 163,155 യൂണിറ്റായി.
14 മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. ഇന്ത്യയിലെമ്പാടുമായി ഏകദേശം 1557 സർവീസ് സെന്ററുകളുമുണ്ട്. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ലാറ്റിൻ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഏഷ്യ പസഫിക്കിലുമായി ഏകദേശം 90 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി കാറുകൾ കയറ്റി അയയ്ക്കുന്നുണ്ട്.
ഹ്യുണ്ടായ് ഇന്ത്യൻ വിപണയിൽ കൂടുതൽ ലക്ഷ്യമിടുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയെന്ന പുതിയ പദ്ധതി. അതിനായി 10 വർഷത്തേക്ക് പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്ന ഹ്യുണ്ടായ് 32,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.