ഇന്ത്യയിലെ ആദ്യ സിഎന്‍ജി ബൈക്ക് ജൂണ്‍ 18-ന് വിപണിയിൽ; പ്രഖ്യാപനവുമായി ബജാജ്
ഇന്ത്യയിലെ ആദ്യ സിഎന്‍ജി ബൈക്ക് ജൂണ്‍ 18-ന് വിപണിയില്‍ എത്തുമെന്ന് ബജാജ്. പള്‍സറിന്റെ എന്‍എസ് 400 ഇസഡ് മോഡലിന്റെ ലോഞ്ച് ഇവന്റിലാണ് ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് ഇക്കാര്യം അറിയിച്ചത്.
സിഎന്‍ജിയും പെട്രോളും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍, 'ബൈ ഫ്യുവല്‍' ആയാണ് ബജാജ് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 100-125 സിസി സെഗ്‌മെന്റിലായിരിക്കും ബൈക്ക് എത്തുക.
മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ, മോഡലിന്റെ ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. സി എന്‍ ജി ടെസ്റ്റ് ബൈക്കുകള്‍ പല സ്ഥലങ്ങളിലായി ആളുകള്‍ കാണുകയും ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പുറത്ത് വരുന്ന ചിത്രങ്ങളില്‍നിന്ന് മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്കും വൃത്തത്തിലുള്ള ഹെഡ് ലാമ്പുകളുമായിരിക്കും പുതിയ ബൈക്കിനുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നിലധികം സ്പോക്കുകളുള്ള അലോയ് വീലുകള്‍, നീളമുള്ള സിംഗിള്‍ പീസ് സീറ്റ്, ഡിസ്‌കിന്റേയും ഡ്രം ബ്രേക്കിങ് സിസ്റ്റത്തിന്റേയും കോമ്പിനേഷന്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
ഗ്ലൈഡര്‍, മാരത്തണ്‍, ട്രെക്കര്‍, ഫ്രീഡം തുടങ്ങിയ പേരുകള്‍ക്കായി കമ്പനി അടുത്തിടെ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചു. വരാനിരിക്കുന്ന മോഡലിന് ഈ പേരുകളിലൊന്നാകാനാണ് സാധ്യത.
20 വര്‍ഷം മുമ്പ് അവതരിപ്പിച്ച ബജാജിന്റെ അഭിമാന മോഡലായ പള്‍സറിന്റെ വില്‍പ്പന 20 ലക്ഷം യൂണിറ്റുകളിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ സിഎന്‍ജി ബൈക്കിന്റെ പ്രഖ്യാപനം.
സിഎന്‍ജി പൈപ്പ്ലൈന്‍ രാജ്യത്തെമ്പാടും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത് ആളുകള്‍ കൂടുതലായി സിഎന്‍ജി വാഹനങ്ങളെടുക്കാന്‍ കാരണമായെന്നും മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ് ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മാതാക്കള്‍ സിഎന്‍ജി വണ്ടികള്‍ കൂടുതലായി വില്‍ക്കുന്നത് നേട്ടമാണെന്നും രാജീവ് ബജാജ് നേരത്തെ പറഞ്ഞിരുന്നു.