ഇനി സോളാർ കാറുകളുടെ കാലം! രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ 'ഇവാ' പ്രദർശിപ്പിച്ചു

ഇനി സോളാർ കാറുകളുടെ കാലം! രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ 'ഇവാ' പ്രദർശിപ്പിച്ചു

പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ വേവ് മൊബിലിറ്റിയാണ് ഇവായുടെ നിർമാതാക്കൾ
Updated on
1 min read

ഇന്ത്യയിലെ ആദ്യ സോളാർ കാറുമായി 'വേവ് മൊബിലിറ്റി സ്റ്റാർട്ട്അപ്പ്' കമ്പനി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് സോളാർ കാർ 'ഇവാ' അവതരിപ്പിക്കപ്പെട്ടത്. പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ട അപ്പ് കമ്പനിയാണ് വേവ് മൊബിലിറ്റി. മുതിർന്ന രണ്ട് പേർക്കും 1 കുട്ടിക്കും ഇരിക്കാവുന്ന രീതിയിലാണ് കാറിന്റെ നിർമാണം. പ്രധാനമായും നഗര യാത്രക്കാരെ ലക്ഷ്യമിട്ടാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോയുടെ 16-ാമത് എഡിഷനാണ് ഇപ്പോള്‍ ഉത്തർപ്രദേശിൽ നടക്കുന്നത്.

കാർ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുമ്പോള്‍ സോളാർ റൂഫ് വഴി ചാർജ് ചെയ്യപ്പെടുന്നു

ടാറ്റാ നാനോയുടേതിന് സമാനമായ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സിംഗിൾ ഡോർ വാഹനമാണ് 'ഇവാ'. കാറിന്റെ മുകളിൽ ഘടിപ്പിക്കാവുന്ന സോളാർ റൂഫ് പാനൽ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം എന്നതാണ് 'ഇവ'യുടെ ഏറ്റവും വലിയ സവിശേഷത. കാർ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുമ്പോള്‍ സോളാർ റൂഫ് വഴി ചാർജ് ചെയ്യപ്പെടുന്നു. സോളാർ റൂഫ് പ്രത്യേകമായി ഉപയോക്താക്കള്‍ വാങ്ങണം. 16 എച്ച്പി പവറും 40 എന്‍എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 6 കിലോവാട്ട് ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടോറാണ് ഇവായുടെ മറ്റൊരു സവിശേഷത.

കാർ ഒറ്റ തവണ ചാർജ് ചെയ്താല്‍ 250 കിലോമീറ്റർ വരെ മൈലേജ്

ഇലക്ട്രിക് കാർ പരീക്ഷണ ഘട്ടത്തിലാണെന്നും 2024-ന്റെ തുടക്കത്തോടെ വാണിജ്യ രംഗത്ത് ലോഞ്ച് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് കാറിനും സോളാർ കാറിനും 14 കിലോവാട്ട് ബാറ്ററി പാക്കിൽ നിന്നാണ് പവർ ലഭിക്കുന്നത്. കാർ ഒറ്റ തവണ ചാർജ് ചെയ്താല്‍ 250 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് നിർമാതാക്കള്‍ അവകാശപ്പെടുന്നു. ചാർജിങ്ങിനായി 15 എ സോക്കറ്റ് ഉണ്ട്. ഇവായ്ക്ക് ഐപി-68 സർട്ടിഫൈഡ് പവർട്രെയിനുമുണ്ട്. അടുത്ത വർഷം പൂനെയിലും ബാംഗ്ലൂരിലും 'ഇവാ' പുറത്തിറക്കുമെന്ന് വേവ് മൊബിലിറ്റി അറിയിച്ചു . കാറിന്റെ വിപണി വില പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഷോയാണ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഷോയാണ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന എക്സ്പോയുടെ 16-ാം പതിപ്പാണിത്. മൂന്നു വർഷത്തിന് ശേഷമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിക്കുന്ന എക്സ്പോ 2023 എഡിഷന്റെ തിരിച്ചുവരവ്. 2022-ൽ മേള നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് മൂലം ഒരു വർഷത്തേക്കുകൂടി മാറ്റിവെയ്ക്കുകയായിരുന്നു. 

ഗ്രേറ്റർ നോയിഡയിലെ ജെപി ഗോൾഫ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടാണ് മേളയുടെ വേദി. വാഹന ഘടക വ്യവസായത്തിനായുള്ള ഓട്ടോ എക്‌സ്‌പോ-കോംപോണന്റ് ഷോയും ഇതോടൊപ്പം പ്രഗതി മൈതാനിയിൽ നടക്കും. ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ 2023 നടക്കുക.  

logo
The Fourth
www.thefourthnews.in