ടാറ്റ ടിയാഗോ ഇ വി
ടാറ്റ ടിയാഗോ ഇ വി

ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍; ടാറ്റ ടിയാഗോ ഇ വി എത്തുന്നു

ലോക ഇലക്ട്രിക് വാഹനദിനമായ സെപ്തംബര്‍ 28ന് ഇലക്ട്രിക് ടിയാഗോ പുറത്തിറങ്ങും
Updated on
1 min read

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്. നാനോ ഉള്‍പ്പടെ സാധാരണക്കാരന് താങ്ങാനാകുന്ന വിലയില്‍ നിരവധി വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ടാറ്റാ മോട്ടോഴ്‌സ് ജനപ്രിയ വാഹനമായ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് കളത്തിലിറക്കുകയാണ്. ലോക ഇലക്ട്രിക് വാഹന ദിനമായ സെപ്തംബര്‍ 28ന് ഇലക്ട്രിക് ടിയാഗോ പുറത്തിറക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചു. കമ്പനി ലൈനപ്പില്‍ ടിഗോര്‍ ഇവിക്കും നെക്സോണ്‍ ഇ വിക്കും താഴെയായി ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള വിലകുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും ടിയാഗോ ഇ വി.

രണ്ട് മോട്ടോര്‍ ഓപ്ഷനുകളിലാകും ടിയാഗോ ഇ വിയെ ഇന്ത്യയില്‍ അവതരിപ്പിക്കുക

വാഹനത്തിന്റെ പവര്‍ട്രെയിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല. ടിഗോര്‍ ഇ വിയില്‍ നല്‍കിയിട്ടുള്ള അതേ മോട്ടോറും ബാറ്ററി പാക്കും തന്നെയാകും ടിയാഗോയിലും കമ്പനി ഉള്‍പ്പെടുത്തുക. പ്ലാറ്റ്‌ഫോമും ടിഗോര്‍ ഇ വിക്ക് സമാനമാകും. ടിഗോര്‍ അവതരിപ്പിച്ചതുപോലെ ടാക്‌സികള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി രണ്ട് മോട്ടോര്‍ ഓപ്ഷനുകളിലാകും വാഹനത്തെ അവതരിപ്പിക്കുക.

ടിഗോറിലെ സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ ഇണക്കിച്ചേര്‍ത്ത വേരിയന്റും ടിയാഗോയ്ക്ക് ഉണ്ടാകും

21.3kwh ബാറ്ററി പാക്കുള്ള ടാക്‌സി വേരിയന്റ് 41ബിഎച്ച്പി കരുത്തും 105എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 15കെവിഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 2 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകുന്ന വാഹനത്തിന് 213 കിലോമീറ്ററാണ് ഡ്രൈവിങ് റേഞ്ച്.

ടിഗോറിലെ സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ ഇണക്കിച്ചേര്‍ത്ത വേരിയന്റും ടിയാഗോയ്ക്ക് ഉണ്ടാകും. കൂടുതല്‍ കരുത്തുറ്റ 26kwh ലിഥിയം അയോണ്‍ ബാറ്ററിയോടുകൂടിയ ഈ മോഡല്‍, 75എച്ച്പി കരുത്തും 170എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 306 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചുള്ള വാഹനം 25 കെവിഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാനാകും.

ക്രൂയ്‌സ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍ എന്നിവയ്ക്ക് പുറമേ മള്‍ട്ടി മോഡ് റീജനറേഷന്‍ ബ്രേക്കിങും വാഹനത്തിലൊരുക്കിയിട്ടുണ്ട്

സാങ്കേതികവിദ്യയുടെ കാര്യത്തിലും ടിഗോറിനെക്കാള്‍ ഒരുപടി മുന്നിലാണ് ടിയാഗോയുടെ സ്ഥാനം. ക്രൂയ്‌സ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍ എന്നിവയ്ക്ക് പുറമേ മള്‍ട്ടി മോഡ് റീജനറേഷന്‍ ബ്രേക്കിങും വാഹനത്തിലൊരുക്കിയിട്ടുണ്ട്. ഡിസൈന്റെ കാര്യത്തില്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ കാണുന്ന നീല നിറത്തിലുള്ള പാറ്റേണുകള്‍ ഈ വാഹനത്തിലും കാണാം.

ഇന്ത്യയില്‍ 88ശതമാനം വിപണി വിഹിതമുള്ള മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ഇന്ത്യയില്‍ സജീവമായ ടിഗോര്‍ ഇ വിയില്‍ നിന്നും ഒരു ലക്ഷം രൂപ കുറച്ചായിരിക്കും പുത്തന്‍ കുഞ്ഞന്‍ ഇ വിയെ ടാറ്റ വിപണിയില്‍ അവതരിപ്പിക്കുക. അതായത് ഏകദേശം 11.5 ലക്ഷം രൂപയാകും ടിയാഗോ ഇ വിയുടെ എക്‌സ്‌ഷോറൂം വില.

logo
The Fourth
www.thefourthnews.in