വിൽപനയിൽ 5 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു; പുതിയ നാഴികക്കല്ല് താണ്ടി കിയയുടെ പടയോട്ടം
മികച്ച പെർഫോമൻസും കിടിലൻ രൂപകൽപന കൊണ്ടും വാഹനപ്രേമികളുടെ മനസും നിരത്തും കീഴടക്കിയ വാഹനമാണ് കിയ സെൽറ്റോസ്. സെൽറ്റോസ് എന്ന എസ്‌യുവിയിലൂടെയാണ് ദക്ഷിണ കൊറിയൻ വാഹനം ഇന്ത്യൻ വാഹന വിപണിയിൽ വേരുറപ്പിച്ചത്. വിൽപനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമാതാക്കളാണ് കിയ മോട്ടോർസ്. 2019 ഓഗസ്‌റ്റിൽ വിൽപ്പനയ്ക്കെത്തിയ കിയ സെൽറ്റോസ് പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. സെൽറ്റോസിന്റെ 5 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തീകരിച്ചാണ് കിയ പുതിയ റെക്കോർഡ് സൃഷ്‌ടിച്ചത്. വിപണിയിലെത്തി 46 മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയം.
ഇന്ത്യൻ ആഭ്യന്തര വിപണിയിൽ സെൽറ്റോസിന്റെ 364,115 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക, സെൻട്രൽ-സൗത്ത് അമേരിക്ക, മെക്‌സിക്കോ, ഏഷ്യ-പസഫിക് എന്നിവയുൾപ്പെടെ 100 വിപണികളിലേക്ക് 135,885 യൂണിറ്റിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്‌തിട്ടുണ്ട്. കയറ്റുമതിയിലും ആഭ്യന്തര വിൽപ്പനയിലും ഉൾപ്പെടെ ഇന്ന് കിയയുടെ വിൽപ്പനയുടെ 55 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സെൽറ്റോസാണ്. 2023 ന്റെ ആദ്യ പാദത്തിൽ, കിയ എസ്‌യുവിയുടെ 27,159 യൂണിറ്റുകൾ വിറ്റഴിച്ചു. 9,000 യൂണിറ്റിന് മുകളിലാണ് ശരാശരി മാസ വിൽപ്പന.
ഈ വർഷം ജൂലൈയിൽ കിയ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ ഇന്ത്യ എന്നാണ് റിപ്പോർട്ടുകൾ. വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എം ജി ആസ്റ്റർ എന്നിവരെയാണ് കിയ സെൽറ്റോസ് നേരിടുന്നത്. ഹോണ്ട എലിവേറ്റിന്റെ രൂപത്തിൽ ഉടൻ തന്നെ ഒരു പുതിയ എതിരാളി ഉണ്ടാകും. 10.89 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് എസ്‌യുവിക്കുള്ളത്. പെട്രോൾ യൂണിറ്റ് 115PS പരമാവധി കരുത്തും 144Nm പീക്ക് ടോർക്കും നൽകുന്നു. ഡീസൽ യൂണിറ്റ് പരമാവധി 116PS പവറും 250Nm പീക്ക് ടോർക്കും നൽകുന്നു.
10.89 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ വില പരിധിയിൽ സെൽറ്റോസ് എസ്‌യുവി മോഡൽ ലൈനപ്പ് ലഭ്യമാണ്. പെട്രോൾ വേരിയന്റുകളുടെ വില 10.89 ലക്ഷം മുതൽ 15.90 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 12.39 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയുമാണ് വില. 12.39 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ വിലയിൽ ഓട്ടോമാറ്റിക് വേരിയന്റുകളും ലഭ്യമാകും.