മിഡ് സൈസ് എസ് യു വികളിലെ അതികായന് മൂന്നാം പിറന്നാള്‍
2019ലാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഇന്ത്യയില്‍ ശക്തമായ അടിത്തറ ഒരുക്കാന്‍ കിയ ഇറക്കിയ തുറുപ്പുചീട്ടായിരുന്നു കിയ സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ് യു വി. കുറഞ്ഞ വിലയില്‍ ഇന്ത്യക്കാര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന ഫീച്ചറുകളും, ആകര്‍ഷകമായ ഡിസൈനുമായി കിയ സെല്‍റ്റോസ് വില്‍പനയില്‍ കുതിച്ചുപാഞ്ഞു.
കമ്പനിയുടെ മൊത്ത വില്‍പ്പനയില്‍ 60 ശതമാനവും കിയ സെല്‍റ്റോസാണ്. സെല്‍റ്റോസിനു പിന്നാലെ സോണറ്റ്, കാര്‍ണിവല്‍, കാരന്‍സ് എന്നീ മോഡലുകളും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. എങ്കിലും വാഹനം നിരത്തിലിറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷവും കിയയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായി കിയ സെല്‍റ്റോസ് ജൈത്രയാത്ര തുടരുകയാണ്.
പുത്തന്‍ അവതാരത്തിന് കുറഞ്ഞ പ്രൈസ് ടാഗ് കൂടി ചാര്‍ത്തിയപ്പോള്‍ പുതിയൊരു വിപ്ലവത്തിനാണ് ഇന്ത്യന്‍ വാഹനവിപണി സാക്ഷ്യം വഹിച്ചത്. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പല കമ്പനികളും പുതിയ മോഡലുകളും,ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും കളത്തിലിറക്കിയെങ്കിലും അതൊന്നും കിയ സെല്‍റ്റോസിനെ ബാധിച്ചില്ല. മാതൃ കമ്പനിയായ ഹ്യുണ്ടായിയുടെ ക്രെറ്റ പോലും സെല്‍റ്റോസിന്റെ വില്‍പ്പനയ്ക്ക് മുന്നില്‍ പതറി.
വിപണിയിലെ പതിവിന് വിപരീതമായി സെല്‍റ്റോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിച്ചത്
എന്‍ജിനുകളുടെയും ട്രാന്‍സ്മിഷനുകളുടെയും നീണ്ട നിരയോടെയാണ് വാഹനത്തെ കിയ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളും മാനുവല്‍, ഐവിറ്റി, എഐംടി, ഡിസിറ്റി എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നല്‍കിക്കൊണ്ട് 'റോയല്‍ എന്‍ട്രി' യാണ് വാഹനം നടത്തിയത്. വിപണിയിലെ പതിവിന് വിപരീതമായി സെല്‍റ്റോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിച്ചത്. വില കുറഞ്ഞ സോണറ്റിനെക്കാള്‍ വില്‍പ്പനയും ജനപ്രീതിയും സെല്‍റ്റോസ് നേടിയെടുത്തു.
മൊബൈല്‍ ആപ്പ് വഴി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത് ഉള്‍പ്പടെയുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി എതിരാളികളെ നിഷ്പ്രഭമാക്കുകയായിരുന്നു കിയ. വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയറുകള്‍, ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്, മൂഡ് ലൈറ്റിങ്, പാഡില്‍ ഷിഫ്റ്റുകള്‍, ഹെഡ് അപ് ഡിസ്‌പ്ലേ, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍ കിയ സെല്‍റ്റോസിന് കഴിഞ്ഞു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഹ്യുണ്ടായ് ഉള്‍പ്പടെ രംഗത്തെത്തിയെന്നുള്ളത് സെല്‍റ്റോസ് എതിരാളികളെ എത്ര മാത്രം ഭയപ്പെടുത്തി എന്നതിന്റെ തെളിവായിരുന്നു.
ഡീസല്‍ എന്‍ജിന് എഐംടി ഗിയര്‍ബോക്‌സ് നല്‍കിയിട്ടുള്ള സെഗ്മെന്റിലെ ഏക വാഹനവും സെല്‍റ്റോസാണ്.
10.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറും വില.ഡീസല്‍ എന്‍ജിന് എഐംടി ഗിയര്‍ബോക്‌സ് നല്‍കിയിട്ടുള്ള സെഗ്മെന്റിലെ ഏക വാഹനവും സെല്‍റ്റോസാണ്. സെല്‍റ്റോസില്‍ നിന്ന് തുടങ്ങിയ കിയയുടെ തേരോട്ടം ഇന്നും തുടരുകയാണ്. വിപണിയിലെത്തി മൂന്ന് വര്‍ഷത്തിനു ശേഷവും പുതുമ നിലനിര്‍ത്താന്‍ സെല്‍റ്റോസിന് കഴിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ വില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെ. സുരക്ഷാ ഫീച്ചറുകളും, ഉയര്‍ന്ന നിര്‍മാണ നിലവാരവും, കണക്ടിവിറ്റി സംവിധാനങ്ങളും കൊണ്ട് സെഗ്മെന്റിലെ അതികായനായി കിയ സെല്‍റ്റോസ് ഇന്നും നിരത്തുകള്‍ വാഴുന്നു.